Friday 11 January 2008

ഹര്‍ഗോവിന്ദ്‌ ഖുരാന (1922 ജനുവരി 9- )


ജീവന്റെ ഭാഷമനസിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ ശാസ്‌ത്രജ്ഞനാണ്‌ ഹര്‍ ഗോവിന്ദ്‌ ഖുരാന. ജനിതക എന്‍ജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊന്നായി പരിഗണിക്കുന്ന ഖുരാന 1922 ജനുവരി 9-ാം തീയതി ഇപ്പോഴത്തെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരില്‍ ജനിച്ചു. പിതാവ്‌ ബ്രിട്ടീഷ്‌ ഇന്ത്യ ഗവണ്‍മെന്റില്‍ കാര്‍ഷികാദായ നികുതി ഗുമസ്‌തനായിരുന്നു. മുള്‍ട്ടാന്‍ ഡി.എ.വി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ഭാരത സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന്‌ ഡോക്‌ടറല്‍ബിരുദം നേടി. തുടര്‍ന്ന്‌ സൂറച്ചില്‍ പോസ്റ്റ്‌ഡോക്‌ടറല്‍ ഗവേഷണവും നടത്തി. ഭാരത്തിലെത്തി ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകനാകാന്‍ ആഗ്രഹിച്ചെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന്‌ വിദേശത്ത്‌ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. പിന്നീട്‌ അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്‌തു. 1949 മുതല്‍ 1952 വരെ കേംബ്രിഡ്‌ജില്‍.


1952 ല്‍ കാനഡയിലെ വാന്‍കോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായി. ശരീരത്തില്‍ ജീവശാസ്‌ത്രപ്രവര്‍ത്തനത്തിന്‌ ആവശ്യമായ 'കോഎന്‍സൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയില്‍ ജനിതകരേഖ മനസിലാക്കാന്‍ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി. ഈ സംഭാവനക്ക്‌ 1968 ല്‍ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു. 1970 ല്‍ അമേരിക്കയിലെ എം.ഐ.ടിയില്‍ ആല്‍ഫ്രഡ്‌ സ്ലോവന്‍ പ്രൊഫസര്‍ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു.


1976 ല്‍ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയില്‍ പഠനം നടത്തി. ഈ കൃത്രിമ ജീന്‍ സംയോജനം വന്‍ വിജയമായിരുന്നു. പരീക്ഷണത്തെ തുടര്‍ന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി. ജനതികരഹസ്യം കൂടുതല്‍ പുറത്തുകൊണ്ടുവന്ന്‌ ആതുരശുശ്രൂഷാ രംഗത്ത്‌ മികച്ചനേട്ടം കൈവരിക്കാനുള്ള ശ്രമങ്ങളിലാണ്‌ പ്രൊഫസര്‍ ഖുരാന ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌. 21-ാം നൂറ്റാണ്ട്‌ ജൈവസാങ്കേതിക വിദ്യയുടെ നൂറ്റാണ്ടായാണ്‌ ശാസ്‌ത്രസാങ്കേതിക ലോകം കണക്കാക്കുന്നത്‌. അതിനാല്‍ തന്നെ ഈ ഭാരതീയന്‍ സമകാലീന സാങ്കേതിക മുന്നേറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയ ശാസ്‌ത്രജ്ഞനാണ്‌.


അംഗീകാരങ്ങള്‍: വൈദ്യശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം, അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ അംഗം, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ അംഗം.

1 comment:

വി. കെ ആദര്‍ശ് said...

വൈദ്യശാസ്‌ത്ര സംഭാവനയ്‌ക്കുള്ള നോബല്‍ പുരസ്‌കാരം, അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ അംഗം, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ അംഗം