Friday 11 January 2008

സത്യേന്ദ്രനാഥ്‌ ബോസ്‌ (1894 JANUARY 1- 1974 ഫെബ്രുവരി 4)


ഭൗതികശാസ്‌ത്രലോകത്ത്‌ വ്യക്തമായ മുദ്രപതിപ്പിച്ച ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ സത്യേന്ദ്രനാഥ്‌ ബോസ്‌. വിഖ്യാത ശാസ്‌ത്രജ്ഞനായ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ചിന്താധാരയെ സ്വാധീനിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളും സത്യേന്ദ്രനാഥ്‌ബോസ്‌ തന്നെ. ബോസ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌, ബോസോണുകള്‍ (ദ്രവ്യത്തിന്റെ ഘടകങ്ങളെ ബോസോണ്‍ എന്നും ഫെര്‍മിയോണ്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്‌). ബോസ്‌- ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.


1894 ലെ നവവല്‍സരദിനത്തില്‍ കൊല്‍ക്കത്തയിലെ ഗോവാബാഗനില്‍ ജനിച്ചു. പിതാവ്‌ സുരേന്ദ്രനാഥ്‌ ബോസ്‌ ഇന്ത്യന്‍ റെയില്‍വേയില്‍ അക്കൗണ്ടന്റായിരുന്നു. അമ്മ അമോദിനിദേവി. കുട്ടിക്കാലത്ത്‌ സത്യയെന്‍ബോസ്‌ എന്നാണ്‌ എല്ലാവരും വിളിച്ചിരുന്നത്‌. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു ബോസ്‌. കൊല്‍ക്കത്തയിലെ ഹിന്ദുസ്‌കൂളില്‍ ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേര്‍ന്നു. കോളേജില്‍ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെന്‍ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. ശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടുകൂടി തന്നെ പൂര്‍ത്തിയാക്കി. 1915 ല്‍ ഉഷ ബാലാഘോഷിനെ വിവാഹം ചെയ്‌തു.


1917ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അദ്ധ്യാപകനായി ചേര്‍ന്നു. ഇവിടെ മോഡേണ്‍ മാത്തമാറ്റിക്‌സിലും ഭൗതിക ശാസ്‌ത്രത്തിലും പുതിയ ബിരുദാനന്തര ബിരുദ പദ്ധതികള്‍ ആരംഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുള്‍ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തം വിദ്യാര്‍ത്ഥികള്‍ക്കായി സിലബസില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തതിനൊപ്പം തന്നെ ഐന്‍സ്റ്റൈന്റെ സംഭാവനകള്‍ ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു. 1921 ല്‍ ധാക്കാ സര്‍വകലാശാലയില്‍ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തില്‍ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടര്‍ന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തില്‍ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേര്‍ണലുകളും ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐന്‍സ്റ്റീന്റെ പക്കലെത്തിയ ഉടന്‍തന്നെ നിര്‍ണായകമായ അംഗീകാരം ലഭിച്ചു. ഐന്‍സ്റ്റൈന്‍ തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു പോപ്പുലര്‍ ലേഖനവും ഐന്‍സ്റ്റൈന്‍ എഴുതി. തുടര്‍ന്ന്‌ ബോസ്‌ ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകള്‍ എന്നും അിറയപ്പെടാന്‍ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273oC) അടുത്തെത്തിച്ചാല്‍ ബോസ്‌-ഐന്‍സ്റ്റൈന്‍ നിയമപ്രകാരം ആറ്റങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാല്‍ 1995 ല്‍ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. എറിക്‌ കോര്‍ണലും വീമാനും ചേര്‍ന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തില്‍ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസന്‍സ്‌, തെര്‍മോലൂമിനസന്‍സ്‌ എന്നിവയില്‍ ബോസ്‌ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തു.


1924 ല്‍ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേര്‍ന്ന്‌ ഗവേഷണം നടത്താനുള്ള സ്‌കോളര്‍ഷിപ്പ്‌ ധാക്കാ സര്‍വകലാശാല അനുവദിച്ചത്‌ ബോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടര്‍ന്ന്‌ ബര്‍ലിനില്‍ വച്ച്‌ ഐന്‍സ്റ്റൈനെ സന്ദര്‍ശിക്കുകയും ചെയ്‌തു. ഭാരത സ്വാതന്ത്ര്യത്തന്‌ തൊട്ടുമുമ്പ്‌ കൊല്‍ക്കത്തയില്‍ തിരിച്ചെത്തി അവിടെ പ്രൊഫസറായി ചേര്‍ന്നു.ശാസ്‌ത്രത്തെ പ്രാദേശിക ഭാഷയിലെത്തിക്കുന്നതില്‍ വളരെയേറെ സംഭാവനകള്‍ ബോസ്‌ നല്‍യിരുന്നു. പ്രാദേശിക ഭാഷയിലെത്തുന്നതോടെ കൂടുതല്‍ ജനങ്ങളിലേക്ക്‌ ശാസ്‌ത്രനേട്ടങ്ങളെ എത്തിക്കാമെന്നത്‌ അദ്ദേഹത്തെ ആവശഭരിതനാക്കിയിരുന്നു. ശാസ്‌ത്രത്തിന്റെ വിവിധ കൈവഴികളെ ജനകീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം രാഷ്‌ട്രീയ പ്രവര്‍ത്തനമായി കാണാം. ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പ്രവര്‍ത്തകരും, സാഹിത്യനായകരും, ശാസ്‌ത്രജ്ഞരും പൊതുജനങ്ങളുമെല്ലാം ബംഗാളില്‍ സംഘടിച്ചിരുന്നതും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബോസിന്‌ സഹായകമായി.


ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോണ്‍ സവിശേഷ പഠനവിഷയമാക്കിയവര്‍ക്ക്‌ പിന്നീട്‌ നോബല്‍ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.1974 ഫെബ്രുവരി 4 ന്‌ 80-ാമത്തെ വയസ്സില്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു.


അംഗീകാരങ്ങള്‍: 1944ല്‍ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു,1958 ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം, ഭാരത സര്‍ക്കാരിന്റെ ദേശീയ പ്രൊഫസര്‍ പദവി എന്നിവ ഇദ്ദേഹത്തിന്‌ ലഭിച്ച ബഹുമതികളില്‍ പെടുന്നു. കൊല്‍ക്കത്തയിലെ എസ്‌.എന്‍.ബോസ്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക്‌ സയന്‍സ്‌ ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നു.


പ്രശസ്‌തമായ വാചകം: "ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ചയാള്‍" - ജോണ്‍ ഗ്രിബിന്‍

1 comment:

വി. കെ ആദര്‍ശ് said...

ഭൗതികശാസ്‌ത്രലോകത്ത്‌ വ്യക്തമായ മുദ്രപതിപ്പിച്ച ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌