Friday 11 January 2008

ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ (1894 ഫെബ്രുവരി 21- 1955 ജനുവരി 1 )


ഴിവുറ്റ ഒരു ശാസ്‌ത്രജ്‌ഞനെന്നതിനൊപ്പം തന്നെ ഭാരതത്തിലെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ ആസൂത്രണം, സംഘാടനം എന്നിവയില്‍ മികവ്‌ തെളിയിച്ച പ്രതിഭാശാലിയായിരുന്നു ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍. അക്കാദമിക്‌ ഗവേഷണങ്ങള്‍ക്കൊപ്പം തന്നെ വ്യാവസായികശാലകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവയ്‌ക്കുള്ള പ്രായോഗിക പരിഹാരം കണ്ടുപിടിക്കാനും ഭഗ്‌നഗര്‍ ഉല്‍സാഹം കാട്ടിയിരുന്നു. ഇന്ത്യന്‍ 'ശാസ്‌ത്ര സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്‌' എന്നാണ്‌ ഇദ്ദേഹത്തെ അറിയപ്പെടുന്നത്‌.


പ്പോള്‍ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന പഞ്ചാബ്‌ പ്രദേശത്തെ ഷാപുര്‍ ജില്ലയിലെ ഭേര എന്ന സ്ഥലത്ത്‌ 1894 ഫെബ്രുവരി 21 ന്‌ ജനിച്ചു. പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടിയശേഷം അധ്യാപകനായി ജോലിയെടുത്തു വന്ന അച്ഛന്‍ പരമേശ്വര സഹായി ഭട്‌നഗറും അമ്മ പാര്‍വ്വതിയും മികച്ച അക്കാദമിക പാരമ്പര്യം ഉള്ളകുടുംബത്തില്‍ നിന്നായിരുന്നു എന്നത്‌ ഭട്‌നഗറിന്റെ ശാസ്‌ത്രഭിരുചി വളര്‍ത്താന്‍ തുടക്കത്തിലേ സഹായകമായി. വളരെ ചെറുപ്പകാലത്തുതന്നെ യന്ത്രകളിപ്പാട്ടം, ചരടുകെട്ടിയുണ്ടാക്കുന്ന ഫോണ്‍ എന്നിവ ഉണ്ടാക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു ശാന്തി സ്വരൂപ്‌. ബാല്യകാലത്തു തന്നെ അച്ഛന്‍ മരിച്ചു. മുത്തച്ഛനാണ്‌ പീന്നീട്‌ ഭട്‌നഗറിനെ വളര്‍ത്തിയത്‌. റൂര്‍ക്കി എന്‍ജിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ ബിരുദമെടുത്ത ആളായിരുന്നു മുത്തച്ഛനെന്നത്‌ യന്ത്രങ്ങളോടും സാങ്കേതിക വിദ്യയോടുമുള്ള ചങ്ങാത്തം കൂടാന്‍ ഭട്‌നഗറിന്‌ സഹായമായി. സ്വന്തം നിലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം തുടര്‍ന്ന്‌ സെക്കന്തരാബാദിലുള്ള എ.വി. ഹൈസ്‌ക്കൂളിലും ചേര്‍ന്നു. 1913-ല്‍ പഞ്ചാബ്‌ സര്‍വ്വകലാശാലയില്‍ നിന്നും ഇന്റര്‍മീഡിയറ്റ്‌ പാസായി. ഭൗതികശാസ്‌ത്രവും രസതന്ത്രവുമായിരുന്നു പിന്നീടങ്ങോട്ട്‌ ഇഷ്‌ട പഠന വിഷയങ്ങള്‍ 1919 ല്‍ രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനത്തിനായി ലണ്ടനിലെത്തി. പ്രശസ്‌ത ശാസ്‌ത്രജ്ഞനായ പ്രൊഫ. ഡണ്ണന്റെ മേല്‍നോട്ടത്തിലാണ്‌ ഗവേഷണപഠനം നടത്തിയത്‌. 1921 ല്‍ ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഡോക്‌ടറേറ്റും കരസ്ഥമാക്കി.


ഭാരതത്തിലെത്തിയ ശേഷം ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ചേര്‍ന്നു. 1924 - ല്‍ യൂണിവേഴ്‌സിറ്റി കെമിക്കല്‍ ലബോറട്ടറി ഡയറക്‌ടറായി പ്രവേശിച്ചു. 1928-ല്‍ കാന്തികസ്വഭാവം അളക്കുന്നതിനുള്ള ഉപകരണം ബി.എന്‍. മാത്തറുമായി ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്തു. ഈ ഉപകരണം 'ഭട്‌നഗര്‍-മാഗൂര്‍ മാഗ്നെറ്റിക്‌ ഇന്റര്‍ഫറന്‍സ്‌ ബാലന്‍സ്‌' എന്നാണറിയപ്പെടുന്നത്‌.


1940 - ല്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ രൂപീകരിച്ച ശാസ്‌ത്ര വ്യവസായ ഗവേഷണ ബോഡിന്റെ (BSIR) ഡയറക്‌ടറായി. ഇതിനെ തുടര്‍ന്ന്‌ ഭട്‌നഗറിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചെന്ന (CSIR) സ്ഥാപനം രൂപീകൃതമായി. തുടര്‍ന്ന്‌ CSIR ന്റെ കീഴില്‍ ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കപ്പെട്ടു.


വഹര്‍ലാല്‍ നെഹ്‌റുവുമായുണ്ടായിരുന്ന സൗഹൃദം ഈ ഗവേഷണശാലാ ശൃംഖലയെ കരുത്താര്‍ജ്ജിപ്പാക്കാനായി ഉപയോഗിക്കാന്‍ സാധിച്ചു. നെഹ്‌റുവുമായുള്ള ചങ്ങാത്തത്തെ സി.വി.രാമന്‍ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു. `നെഹ്‌റു -ഭട്‌നഗര്‍ പ്രഭാവം'.1947-ല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തില്‍ ഗവേഷണ വിഭാഗം സെക്രട്ടറിയായി.


ശാസ്‌ത്രം, സാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളില്‍ പ്രായോഗിക ഗവേഷണങ്ങള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കി. മെഴുകിന്റെ നിറം നിര്‍വ്വീര്യമാക്കാനുള്ളതും, മണ്ണെണ്ണ വിളക്കിന്റെ ജ്വാല ഉയര്‍ത്തുന്നതുമായ ചെറുനീക്കങ്ങള്‍ക്കൊപ്പം എണ്ണശുദ്ധീകരണശാലയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വരെ പരിഹരിക്കുന്നതിലും ഇദ്ദേഹം വ്യാപൃതമായി.ശാസ്‌ത്രപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കലാസാഹിത്യ സംരഭങ്ങളിലും ഭട്‌നഗര്‍ താത്‌പര്യം കാട്ടിയിരുന്നു. സ്‌കൂള്‍-കോളേജ്‌ പഠനസമയത്ത്‌ നാടകത്തില്‍ അഭിനയിച്ചിരുന്നു. സര്‍വകാലാശാലയിലെ ഔദ്യോഗിക ഗീതം (കുലഗീതം-യൂണിവേഴ്‌സിറ്റി സോംഗ്‌) ചിട്ടപെടുത്തിയതും ഇദ്ദേഹമായിരുന്നു.


ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി തുടങ്ങിയ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്റെ (യു.ജി.സി.) ആദ്യ അധ്യക്ഷനും പ്രൊഫസര്‍ ശാന്തി സ്വരൂപ്‌ ഭട്‌നഗറായിരുന്നു. 1955 ജനുവരി ഒന്നിന്‌ ഇദ്ദേഹം അന്തരിച്ചു.


അംഗീകാരങ്ങള്‍: 1941 ല്‍ സര്‍ ബഹുമതി, 1943 ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗത്വം, 1954 ല്‍ പത്മഭൂഷണ്‍. മികച്ച ശാസ്‌ത്രജ്ഞര്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ അവാര്‍ഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌.


പ്രശസ്‌തമായ വാചകം: `നിരവധി പ്രഗത്ഭമതികളുമായി ഞാന്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ലക്ഷ്യപൂര്‍ത്തിക്കുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിനുപരിയായി മറ്റുപല കഴിവുകളും ഒത്തുചേര്‍ന്ന സവിശേഷ ചേരുവയാണ്‌ ഡോ. ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍... ഇന്നു കാണുന്ന ദേശീയ ശാസ്‌ത്രപരീക്ഷണശാലകളുടെ ശൃംഖല ഭട്‌നഗര്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക്‌ കാണാന്‍ സാധിക്കുമായിരുന്നില്ല എന്നു ഞാന്‍ ഉറപ്പു പറയുന്നു' - ജവഹര്‍ലാല്‍ നെഹ്‌റു

1 comment:

വി. കെ ആദര്‍ശ് said...

`നിരവധി പ്രഗത്ഭമതികളുമായി ഞാന്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ലക്ഷ്യപൂര്‍ത്തിക്കുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിനുപരിയായി മറ്റുപല കഴിവുകളും ഒത്തുചേര്‍ന്ന സവിശേഷ ചേരുവയാണ്‌ ഡോ. ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍... ഇന്നു കാണുന്ന ദേശീയ ശാസ്‌ത്രപരീക്ഷണശാലകളുടെ ശൃംഖല ഭട്‌നഗര്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക്‌ കാണാന്‍ സാധിക്കുമായിരുന്നില്ല എന്നു ഞാന്‍ ഉറപ്പു പറയുന്നു' ജവഹര്‍ലാല്‍ നെഹ്‌റു