Wednesday 26 December 2007

കെ എസ്‌ കൃഷ്‌ണന്‍ (1898 ഡിസം 4-1961 ജൂണ്‍ 13)


സി.വി രാമന്‌ നോബല്‍ സമ്മാനം ലഭിച്ച 'രാമന്‍ ഇഫക്‌ട്‌' എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാര്‍ച്ച്‌ ലക്കം 'നേച്ചറില്‍' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ എന്ന കെ എസ്‌ കൃഷ്‌ണന്‍. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത്‌ പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കെ എസ്‌ കൃഷ്‌ണന്‍ ശാസ്‌ത്രത്തിന്‌ പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോര്‍ട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭാശാലിയായിരുന്നു. അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സഹകരിച്ചിരുന്നു. മികച്ച അധ്യാപകന്‍, ഗവേഷണാചാര്യന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ മാതൃകയാക്കാവുന്ന പ്രതിഭാശാലിയായിരുന്നു കെ എസ്‌ കൃഷ്‌ണന്‍.

മിഴ്‌നാട്ടിലെ രാംനാട്‌ ജില്ലയിലെ വാര്‍ട്രാപ്പില്‍ 1898 ഡിസംബര്‍ നാലിന്‌ ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന്‌ ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളില്‍ ചേര്‍ന്നു. മധുരയിലെ അമേരിക്കന്‍ കോളജിലും ചെന്നൈ ക്രിസ്‌ത്യന്‍ കോളജിലുമായി കോളജ്‌ വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന്‌ തിരഞ്ഞെടുത്തത്‌. കൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നത്‌ തന്നെ ഒന്‍പതാം ക്ലാസില്‍ പഠിപ്പിച്ച ഒരു അധ്യാപകന്റെ പ്രേരണയും ക്ലാസുമാണ്‌ ശാസ്‌ത്രത്തില്‍ താത്‌പര്യം ജനിപ്പിച്ചതെന്നാണ്‌. രസതന്ത്ര വിഭാഗത്തില്‍ ഡെമണ്‍സ്‌ട്രേറ്റര്‍ ആയാണ്‌ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്‌. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളില്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേള്‍ക്കാന്‍ മറ്റ്‌ കോളജുകളില്‍ നിന്നുവരെ സഹൃദയര്‍ എത്തിയിരുന്നു.

1920 ല്‍ കല്‍ക്കത്തയിലെത്തി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സില്‍ ചേര്‍ന്നു. ഇവിടെ വച്ച്‌ സി വി രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴില്‍ ഭൗതികശാസ്‌ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. കല്‍ക്കട്ട സര്‍വകലാശാലയില്‍ വച്ച്‌ ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവ്‌ നേടിയ ശേഷമാണ്‌ ഗവേഷണം ആരംഭിച്ചത്‌. സി വി രാമനോടൊത്തുള്ള അഞ്ചു വര്‍ഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ്‌ കെ എസ്‌ കൃഷ്‌ണന്‍ തന്നെ എടുത്തു പറയുന്നത്‌.

ശാസ്‌ത്ര ഗവേഷണത്തിലുപരിയായി സാഹിത്യം, മതം, തത്ത്വശാസ്‌ത്രം എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോര്‍ട്‌സില്‍ പ്രത്യേകിച്ച്‌ ഫുട്‌ബോളില്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡനിലെ ഫുട്‌ബാള്‍ മത്സരങ്ങള്‍ പതിവായി കണ്ടിരുന്നു. എന്നാല്‍ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട്‌ ആന്ധ്രാ സര്‍വകലാശാലയിലെ പ്രൊഫസര്‍ പദവിയിലേക്ക്‌ കൃഷ്‌ണനെ നാമനിര്‍ദ്ദേശം ചെയ്‌തപ്പോഴും രാമന്‍ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമന്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌.

1928 ല്‍ ധാക്കാ സര്‍വകലാശാല ഭൗതിക ശാസ്‌ത്ര വകുപ്പില്‍ റീഡര്‍ തസ്‌തികയില്‍ ജോലിക്ക്‌ ചേര്‍ന്ന്‌ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കി. അവിടെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ ആയിരുന്നു വകുപ്പ്‌ മേധാവിയെന്നതും കെ എസ്‌ കൃഷ്‌ണന്റെ ശാസ്‌ത്ര മുന്നേറ്റങ്ങള്‍ക്ക്‌ സഹായകമായി. ക്രിസ്റ്റല്‍ മാഗ്നറ്റിസത്തിലും മാഗ്നറ്റോ കെമിസ്‌ട്രിയിലും ആ സമയത്ത്‌ ഗവേഷണങ്ങള്‍ നടത്തി. 1933 ല്‍ കല്‍ക്കത്തയില്‍ തിരിച്ചെത്തി ഐ എ സി എസില്‍ പ്രൊഫസറായി ചേര്‍ന്നു. കാന്തിക സ്വഭാവത്തെക്കുറിച്ചുള്ള പഠനം ഇവിടെയും തുടര്‍ന്നു. 1937 ല്‍ കാവന്‍ഡിഷ്‌ ലബോറട്ടറിയിലും, റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലണ്ടനിലും പ്രഭാഷണത്തിനായി ക്ഷണിച്ചു. 1942 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. 1948 ല്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ഡയറക്‌ടറായി. വളരെ സജീവമായ ശാസ്‌ത്രസാങ്കേതിക ജീവിതത്തിനുടമയായിരുന്നു കെ എസ്‌ കൃഷ്‌ണന്‍. 1961 ജൂണ്‍ 13-ാം തീയതി അന്തരിച്ചു.

അംഗീകാരങ്ങള്‍:

റോയല്‍ സൊസൈറ്റി അംഗത്വം1940,സര്‍ ബഹുമതി(1946),പത്മഭൂഷണ്‍(1954),ദേശീയ പ്രൊഫസര്‍ സ്ഥാനം(1960),ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം(1961),ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ ഉപാധ്യക്ഷന്‍,നാഷണല്‍ അക്കാദമി ോഫ്‌ സയന്‍സ്‌ അധ്യക്ഷന്‍,ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്‌ഥാനം

ശ്രീനിവാസ രാമാനുജന്‍(1887 ഡിസം22-1920 ഏപ്രില്‍ 26)


ഭാരതം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്‌ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജന്‍. സ്വപ്രയത്‌നത്തിന്റെയും ജന്മവാസനയുടെയും മികവില്‍ ഗണിതശാസ്‌ത്രത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം പ്രാഗത്ഭ്യം കാട്ടി. കേവലം 33 വര്‍ഷം മാത്രം നീണ്ട ജീവിതത്തിനുള്ളില്‍ തന്നെ ഒരു ഗണിതശാസ്‌ത്രജ്ഞന്‌ എത്താവുന്ന ഉയരങ്ങളില്‍ ശ്രീനിവാസ രാമാനുജന്‍ എത്തി.

ശ്രീനിവാസ അയ്യങ്കാരുടെയും കോമളലതാമ്മാളിന്റെയും പുത്രനായി 1887 ഡിസംബര്‍ 22 ന്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ എന്ന സ്ഥലത്ത്‌ രാമാനുജന്‍ ജനിച്ചു. പഠനകാലത്ത്‌ ഗണിതത്തില്‍ മാത്രം എന്നും ഒന്നാമതെത്തിയിരുന്ന രാമാനുജന്‍ മറ്റു വിഷയങ്ങളില്‍ ഒട്ടും താത്‌പര്യം കാണിച്ചിരുന്നില്ല. പൈ (pi) യുടെ മൂല്യം നാല്‌ ദശാംശ സ്ഥാനം വരെ കൃത്യമായി കണ്ടുപിടിച്ച്‌ സ്‌കൂളില്‍ സഹപാഠികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌. സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ്‌ കുംഭകോണം സര്‍ക്കാര്‍ കോളജില്‍ ചേര്‍ന്നതെങ്കിലും ഗണിതത്തോട്‌ മാത്രമുള്ള അതീവ ശ്രദ്ധ മൂലം മറ്റ്‌ വിഷയങ്ങള്‍ തോല്‍ക്കാനിടയായി. ഇതു മൂലം കോളജ്‌ പഠനം തുടരാനായില്ല. ഔദ്യോഗികമായി പഠനം ഉപേക്ഷിച്ചെങ്കിലും നോട്ടുബുക്കുകളില്‍ ഗണിതശാസ്‌ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സ്വയം ഗവേഷണങ്ങള്‍ നടത്തി വന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ ഗണിതശാസ്‌ത്ര ലോകത്ത്‌ അപ്പോള്‍ നടന്നു വന്നിരുന്ന മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും രാമാനുജന്‍ അറിയാതെ പോയി. രാമാനുജന്‍ സ്വയം കെണ്ടത്തിയ പ്രശ്‌ന പരിഹാരങ്ങളില്‍ നേരത്തേ മറ്റുള്ളവര്‍ തെളിയിച്ചിട്ടുള്ളവയും ഉണ്ടായിരുന്നു.

സ്‌ക്കൂള്‍ പഠനകാലത്തുതന്നെ ജി.എസ്‌.കര്‍ എഴുതിയ സിനോപ്‌സിസ്‌ ഓഫ്‌ എലമെന്ററി റിസള്‍ട്ട്‌സ്‌ ഇന്‍ പ്യുവര്‍ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം രാമാനുജന്‌ കൂട്ടായി. വര്‍ഷങ്ങളോളം ഈ ഗ്രന്ഥത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസിപ്പിക്കാനും രാമാനുജന്‍ സമയം കണ്ടെത്തി. 1912 ന്‌ മദ്രാസില്‍ അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസില്‍ ഗുമസ്‌തനായി ജോലിക്കു ചേര്‍ന്നു. പൈ യുടെ വില എട്ടു ദശാംശ സ്ഥാനം വരെ കണ്ടുപിടിക്കാനുള്ള നിര്‍ദ്ധാരണ രീതി രാമാനുജന്‍ എഴുതിയുണ്ടാക്കി. പിന്നീട്‌ ഈ അല്‍ഗോരിതം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ സന്മനസുകളുടെ സഹായത്തോടെ 1913 മേയില്‍ മദ്രാസ്‌ സര്‍വകലാശാല വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇതിനിടെ തന്നെ ഗണിതശാസ്‌ത്ര കണ്ടെത്തലുകള്‍ ഈ രംഗത്തെ ലോകത്തെ പ്രമുഖര്‍ക്ക്‌ തപാല്‍ മാര്‍ഗം എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെയുള്ള കത്തുകളിലൊന്നിലാണ്‌ രാമാനുജന്റെ ജീവിതം തന്നെ മാറ്റിമറിച്ച സൗഹൃദം ഉടലെടുത്തതും.അക്കാലത്തെ ഏറ്റവും പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന ഗോഡ്‌ഫ്രേ ഹരോള്‍സ്‌ ഹാര്‍ഡിയുടെ പക്കലും രാമാനുജന്റെ കുറിപ്പുകള്‍ എത്തി. ആദ്യ വായനയില്‍ തന്നെ ജി.എച്ച്‌.ഹാര്‍ഡി രാമാനുജനിലെ അതുല്യ പ്രതിഭയെ തിരിച്ചറിഞ്ഞു. ഇംഗ്ലണ്ടിലെ കേംബ്രിഡ്‌ജിലേക്ക്‌ രാമാനുജനെ കൊണ്ടുവരാനുള്ള ശ്രമം ഹാര്‍ഡി ആരംഭിച്ചു.

1913 ഏപ്രില്‍ 14 ന്‌ രാമന്‍ ഇംഗ്ലണ്ടിലെത്തി. ഗണിതശാസ്‌ത്രത്തിന്‌ പില്‍ക്കാലത്ത്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയ ഒരു കൂട്ടുകെട്ടു കൂടിയായിരുന്നു ഹാര്‍ഡിയെന്ന ഗവേഷണ ഗുരുവും രാമാനുജനെന്ന അതുല്യ പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയും കൂടി തീര്‍ത്തത്‌. അഞ്ചു വര്‍ഷം അവിടെ തുടര്‍ന്നു. ഇതിനിടെ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ രാമാനുജനെ തേടിയെത്തി. ഇംഗ്ലണ്ടിലെ പ്രതികൂല കാലാവസ്ഥയും പ്രത്യേക ഭക്ഷണക്രമവും രാമാനുജന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു.

രോഗബാധിതനായ രാമാനുജനെ കാണാന്‍ ഗുരുനാഥന്‍ കൂടിയായ ഹാര്‍ഡി എത്തിയ കഥ ഏറെ പ്രശസ്‌തമാണല്ലോ. താന്‍ വന്ന കാറിന്റെ നമ്പര്‍ - 1729 - അശുഭകരമായതാണെന്ന്‌ ഹാര്‍ഡി സംഭാഷണമധ്യേ രാമാനുജനോട്‌ അഭിപ്രായപ്പെട്ടു. അതേമാത്രയില്‍ തന്നെ രാമാനുജന്‍ ആഹ്ലാദചിത്തനായി പറഞ്ഞത്‌ ഇതായിരുന്നു. രണ്ട്‌ വ്യത്യസ്‌ത സംഖ്യാജോടികളുടെ ക്യൂബുകളുടെ തുകയായി എഴുതാന്‍ സാധിക്കുന്ന - അതും രണ്ടു തരത്തില്‍, ഏറ്റവും ചെറിയ സംഖ്യയാണ്‌ ഇത്‌ - 103 + 93 = 12 3 + 13 = 1729. തന്റെ ശിഷ്യന്റെ പ്രതിഭാവിലാസം നന്നായി അറിയാവുന്ന ഹാര്‍ഡിക്ക്‌ ഇത്‌ അത്ഭുതകരമായ സംഭവമായിരുന്നില്ല. നിമിഷാര്‍ധം കൊണ്ട്‌ മനസിലിട്ട്‌ കണക്കു കൂട്ടാനുള്ള രാമാനുജന്റെ ശേഷി ഇത്‌ പ്രകടമാക്കുന്നു. 1729 രാമാനുജന്‍ സംഖ്യ എന്നാണ്‌ അറിയപ്പെടുന്നത്‌.

1919 ഫെബ്രുവരി 27 ന്‌ രാമാനുജന്‍ ഭാരതത്തിലേക്ക്‌ മടങ്ങി. 1920 ഏപ്രില്‍ 26 ന്‌ ഇദ്ദേഹം ലോകത്തോട്‌ വിട പറഞ്ഞു.


അംഗീകാരങ്ങള്‍: 1916 ല്‍ കേംബ്രിഡ്‌ജില്‍ നിന്ന്‌ പ്രത്യേക അനുമതിയോടെ ബിരുദം.1918 ല്‍ കേംബ്രിഡ്‌ജ്‌ ഫിലോസഫിക്കല്‍ സൊസൈറ്റി,ലണ്ടനിലെ റോയല്‍ സൊസൈറ്റി, കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളജ്‌ പെലോ എന്നീ അംഗത്വങ്ങള്‍. (ഇതെല്ലാം ഒരേ വര്‍ഷം 1918ല്‍). ജന്മദിനമായ ഡിസംബര്‍ 22 തമിഴ്‌നാട്‌ സര്‍ക്കാര്‍ സംസ്‌താന ഐ.ടി ദിനായി ആചരിക്കുന്നു.


പ്രശസ്‌തമായ വാചകം

ഗണിതശാസ്‌ത്ര രംഗത്തെ താങ്കളുടെ ശ്രദ്ധേയ സംഭാവന എന്ത്‌ എന്ന ചോദ്യത്തിന്‌ ജി.എച്ച്‌.ഹാര്‍ഡി എന്ന ജീനിയസിന്റെ മറുപടി ഇതായിരുന്നു. "ഗണിതശാസ്‌ത്രത്തിന്‌ എന്റെ സംഭാവന - രാമാനുജന്‍"

റോബര്‍ട്ട്‌ കാനിബല്‍ ഇങ്ങനെ രേഖപ്പെടുത്തി "ഔപചാരിക വിദ്യാഭ്യാസത്തിന്റെ പോരായ്‌മയെ ധിഷണമായി തെളിഞ്ഞ ഉള്‍ക്കാഴ്‌ച,കഠിന പരിശ്രമം എന്നിവ കൊണ്ട്‌ രാമാനുജന്‍ ഏറെക്കുറെ പരിഹരിച്ചു.ജി.എച്‌ ഹാര്‍ഡി അഭിപ്രായപ്പെട്ടതുപോലെ ദരിദ്രനും മറ്റ്‌ താങ്ങുകളില്ലാതിരുന്ന ഈ ഭാരതീയന്‍ തന്റെ മസ്‌തിഷ്‌കം യൂറോപ്പിന്റെ വിജ്ഞാനത്തിന്‌ നേരെ തിരിച്ച്‌ അക്കാലത്തെയും പീന്നീട്‌ വന്നതുമായ ഗണിത ശാസ്‌ത്രജ്ഞരെ ആകര്‍ഷിച്ച കണ്ടെത്തലുകള്‍ നടത്തുകയും ചെയ്‌തു".

"The Man Who Knew Infinity" (അനന്തത്തെ അറിഞ്ഞ മനുഷ്യന്‍) എന്ന പേരില്‍ രാമാനുജനെ കുറിച്ച്‌ റോബര്‍ട്ട്‌ കാനിഗല്‍ എഴുതിയ പുസ്‌തകം ശ്രദ്ധേയമാണ്‌. രാമാനുജനെക്കുറിച്ചുള്ള തുടര്‍വായനയ്‌ക്ക്‌ ഈ പുസ്‌തകം മുതല്‍ക്കൂട്ടാകും

Sunday 21 October 2007

സാലിം അലി(1896-നവംബര്‍12-1987 ജൂലൈ 27)

ക്ഷിനിരീക്ഷണം എന്ന വാക്ക്‌ കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക്‌ എത്തുക സാലിംഅലിയെന്ന മനുഷ്യസ്‌നേഹിയുടെ പേരായിരിക്കും. ക്ഷമാശീലവും കഠിന പ്രയത്‌നവും കൈമുതലാക്കി ജീവിതത്തിലെ പല പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ്‌ സാലിംഅലി ലോകമറിയുന്ന പക്ഷിനിരീക്ഷണശാസ്‌ത്രജ്ഞനായത്‌. 'ബേഡ്‌മാന്‍ ഓഫ്‌ ഇന്ത്യ' എന്ന അപരനാമത്തില്‍ അറിയുന്ന സാലിം അലി.1896-നവംബര്‍ മാസം12-ന്‌ മുംബൈയില്‍ ജനിച്ചു. മുഴുവന്‍പേര്‌ സാലിം മൊയിസുദ്ദീന്‍ അബ്‌ദുള്‍ അലി.ഇന്ത്യയില്‍ ചിട്ടയായ പക്ഷിനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയും സാലിംഅലി തന്നെ. പക്ഷികളെക്കുറിച്ചും പക്ഷി നിരീക്ഷണത്തെക്കുറിച്ചും എഴുതിയ പുസ്‌തകങ്ങള്‍ വിജ്ഞാനകുതുകികള്‍ ഇന്നും റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്‌.

മ്മാവനായ അമറുദ്ദീന്‍ തിയാബ്‌ജിയോടൊപ്പമാണ്‌ ബാല്യകാലം ചിലവിട്ടത്‌. മുംബൈ സെന്റ്‌ സേവിയേഴ്‌സ്‌ കോളേജില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും ഗണിതത്തിലെ ബീജഗണിതത്തോടും ലോഗരിതം കണക്കു കൂട്ടലുകളോടും പൊരുത്തപ്പെടാനാകാതെ കോളേജ്‌ വിദ്യാഭ്യാസം ഇടയ്‌ക്കു വച്ച്‌ അവസാനിപ്പിച്ചു. ഇതിനുശേഷം ബര്‍മ്മയിലേയ്‌ക്ക്‌ വണ്ടി കയറി. അവിടെ ഖനന - തടി വ്യവസായങ്ങളിലേര്‍പ്പെട്ടിരുന്ന സഹോദരനെ സഹായിക്കുകയായിരുന്നു ഉദ്ദേശ്യം. ബര്‍മ്മയിലെ ജോലി സ്ഥലത്തുണ്ടായിരുന്ന ചെറിയ വനപ്രദേശം സാലിംഅലിയിലെ പക്ഷിസ്‌നേഹിയെ വീണ്ടുമുണര്‍ത്തി. അധികനാള്‍ അവിടെ നിന്നില്ല. മുംബൈയില്‍ തിരിച്ചെത്തി.ജീവശാസ്‌ത്ര പഠനത്തിലേര്‍പ്പെട്ടു. ബൊംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ മ്യൂസിയത്തില്‍ വഴികാട്ടിയായുള്ള ജോലി നോക്കി.ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൈസൈറ്റി സെക്രട്ടറിയായിരുന്ന ഡബ്ലൂ. എസ്‌. മില്‍മാര്‍ഡാണ്‌ ഗൗരവമായ പക്ഷി നിരീക്ഷണം സാലിം അലിയെ മനസിലാക്കി കൊടുത്തതും വേണ്ട സഹായങ്ങള്‍ ചെയ്‌തതും.


പക്ഷിനിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തില്‍ ജര്‍മ്മനിയിലേയ്‌ക്ക്‌ പുറപ്പെട്ടു. പ്രൊഫസര്‍ എര്‍വിന്‍ സ്‌ട്രോസ്‌മാന്റെ കീഴില്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ പഠനം നടത്തിയശേഷം പക്ഷെ തിരികെ ഇന്ത്യയിലേയ്‌ക്ക്‌ എത്തിയപ്പോള്‍ നേരത്തെ ജോലി ചെയ്‌തിരുന്ന പോസ്റ്റ്‌ പോലും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ അകന്ന ബന്ധുവായ തെഹ്‌മിനയെ ജീവിതസഖിയാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തൊഴിലെങ്കിലും ഉണ്ടാകേണ്ടത്‌ അനിവാര്യമായി. ശാസ്‌ത്ര വിഷയത്തില്‍ ബിരുദാനന്തരബിരുദമോ ഗവേഷണബിരുദമോ ഇല്ലാതിരുന്നതിനാല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയില്‍ ജോലിതേടിയെങ്കിലും ലഭിച്ചില്ല. ഭാര്യയോടൊപ്പം മുംബൈതീരത്തുള്ള കിഹ്‌മില്‍ താമസമാക്കി. ഭാര്യയുടെ ചെറിയ തൊഴിലില്‍നിന്നുള്ളവരുമാനമായിരുന്നു പ്രധാന സാമ്പത്തികാശ്രയം. താമസസ്ഥലത്തിനടുത്തുള്ള വ്യക്ഷത്തില്‍ തുന്നല്‍ക്കാരന്‍പക്ഷികള്‍(weaver birds) കൂടുകൂട്ടുന്നതും മറ്റും സാലിംഅലി ശ്രദ്ധയോടെ വീക്ഷിച്ചു. കുറച്ചു മാസത്തെ ക്ഷമാപൂര്‍ണമായ നിരിക്ഷണത്തിനൊടുവില്‍ തുന്നല്‍ക്കാരന്‍ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കി. ഇത്‌ സലിംഅലിയെ പൊതുജനശ്രദ്ധയിലേക്കെത്തിച്ചു.റോക്കറ്റ്‌ വാലുള്ള പക്ഷിയെയും ഫിന്‍സ്‌ബായ പക്ഷിയെയും നിരീക്ഷിച്ചത്‌ സാലിം അലിയുടെ പക്ഷിനിരീക്ഷണത്തെ കൂടുതല്‍ മികവുള്ളതാക്കി. ഫിന്‍സ്‌ബായ നൂറുവര്‍ഷങ്ങള്‍ക്ക്‌ മുന്നേ വംശനാശം വന്ന ജാതിയാണെന്ന പൊതുവിശ്വാസത്തെയാണ്‌ സാലിം അലിയുടെ നിരീക്ഷണം പൊളിച്ചെഴുതിയത്‌. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നാടോടിയെ പോലെ അലഞ്ഞ്‌ തിരിഞ്ഞ്‌ പക്ഷികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. 1939-ല്‍ ഭാര്യയുടെ മരണം പിന്നീടുള്ള യാത്രകളില്‍ സലിം അലിയെ ഏകനാക്കി.


1941-ല്‍ ദി ബുക്ക്‌ ഓഫ്‌ ഇന്ത്യന്‍ ബേഡ്‌സ്‌ പ്രസിദ്ധീകരിച്ചു. ഇതോടെ സലിം അലിയുടെ പ്രതിഭ കൂടുതല്‍ അംഗീകരിക്കപ്പെട്ടു. പക്ഷിനിരീക്ഷണത്തിനായി അഫ്‌ഗാനിസ്ഥാന്‍ ദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സിഡ്‌നി ദില്ലന്‍ റിപ്ലറുമായി ചേര്‍ന്നെഴുതിയ ഹാന്‍ഡ്‌ ബുക്ക്‌ ഓഫ്‌ ദി ബേഡ്‌സ്‌ ഇന്‍ ഇന്ത്യ ആന്‍ഡ്‌ പാകിസ്ഥാന്‍ പത്തു വാല്യങ്ങളുള്ള സമഗ്രമായ ആധികാരിക ഗ്രന്ഥമായിരുന്നു. നാഷണല്‍ ബുക്‌ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച കോമണ്‍ ഇന്ത്യന്‍ ബേഡ്‌സ്‌ ആല്‍ബവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പക്ഷിനീരീക്ഷണവുമായി ബന്ധപ്പെട്ട്‌ കേരളവും സാലിം അലി സന്ദര്‍ശിച്ചു ഒപ്പം കേരളത്തിലെ പക്ഷികളെ കുറിച്ച്‌ ബേഡ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ എന്ന പുസ്‌തകവും സാലിം അലി രചിച്ചിട്ടുണ്ട്‌. ഭരത്‌പൂര്‍ പക്ഷിസങ്കേതവും, സൈലന്റ്‌ വാലി ദേശീയോദ്യാനവും സാക്ഷാത്‌കരിക്കുന്നതിനു പിന്നിലും സാലിം അലിയുടെ ശ്രദ്ധ പതിഞ്ഞു.


1976-ല്‍ പദ്‌മവിഭൂഷണ്‍ ബഹുമതി ലഭിച്ചു. 1958-ല്‍ നാഷണല്‍ സയന്‍സ്‌ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1982-ല്‍ ഓര്‍ണിത്തോളജിയില്‍ (പക്ഷിവിജ്ഞാനീയം) നാഷണല്‍ പ്രൊഫസര്‍ എന്ന പദവി. ഒട്ടേറെ സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റുകള്‍ നല്‍കി ആദരിച്ചു. 1985 രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി. 1987 ജൂലൈ 27-ം തീയതി പക്ഷികളുടെ കൂട്ടുകാരനും പ്രകൃതി സ്‌നേഹിയുമായ ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയുള്ള സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ്‌ നാഷണല്‍ ഹിസ്റ്ററി (SACON) ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകെള്ളുന്ന സ്ഥാപനമാണ്‌.

ജഗദീശ്‌ ചന്ദ്രബോസ്‌(1858 നവംബര്‍ 30- 1937 നവംബര്‍ 23)


ഭൗതികശാസ്‌ത്രം, ജീവശാസ്‌ത്രം, സസ്യശാസ്‌ത്രം, ശാസ്‌ത്രസാഹിത്യം, എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്നെ ലോകപ്രസിദ്ധങ്ങളായ കണ്ടുപിടിത്തങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും വിത്തുപാകിയ പ്രതിഭാശാലിയായിരുന്നു. ആചാര്യ ജഗദീശ്‌ ചന്ദ്രബോസ്‌ എന്ന ജെ.സി. ബോസ്‌. തികഞ്ഞ ദേശീയ വാദികൂടിയായിരുന്നു ഇദ്ദേഹം വയര്‍ലെസ്‌ വാര്‍ത്താവിനിമയവും, സസ്യങ്ങള്‍ക്കും ജന്തുക്കളെപോലെ വളര്‍ച്ചയും പ്രതികരണശേഷിയുണ്ടന്ന്‌ കണ്ടെത്തിയതും ഇദ്ദേഹത്തില്‍ നിന്ന്‌ ശാസ്‌ത്രലോകത്തിന്‌ ലഭിച്ച അമൂല്യ സംഭാവനകളില്‍ പെടുന്നു.

ഇപ്പോഴത്തെ ബംഗ്ലാദേശില്‍ സ്ഥിതിചെയ്യുന്ന മുഷിന്‍ഗഞ്ച്‌ ജില്ലയിലെ വിക്രാംപുരിയില്‍ 1858 നവംബര്‍ മാസം 30 നാണ്‌ ജെ.സി ബോസ്‌ ജനിച്ചത്‌. മജിസ്‌ട്രേറ്റും അസിസ്റ്റന്റ്‌ കമ്മീഷണറുമായി ജോലിയെടുത്തിരുന്ന ഭഗവന്‍ ചന്ദ്രബോസ്‌ ആയിരുന്നു പിതാവ്‌ അമ്മ ബനസുന്ദരീ ദേവി. ബാല്യകാലം മുതല്‍ക്കെ ശാസ്‌ത്രവിഷയങ്ങളില്‍ അതീവ താത്‌പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ബോസ്‌. സ്‌കൂള്‍ പഠനത്തിന്‌ ശേഷം കൊല്‍ക്കത്തയിലെ സെന്റ്‌സേവിയേഴ്‌സ്‌ കോളജില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നു. ജന്തുശാസ്‌ത്രമായിരുന്നു ഇഷ്‌ട വിഷയമെങ്കിലും ഭൗതികശാസ്‌ത്രം പഠിക്കേണ്ടിവന്നു.1879-ല്‍ ബിരുദം നേടിയ ശേഷം ലണ്ടനില്‍ വൈദ്യശാസ്‌ത്രം പഠിക്കാനായി ചേര്‍ന്നു. ആരോഗ്യ കാരണങ്ങളാല്‍ വൈദ്യശാസ്‌ത്രപഠനം പൂര്‍ത്തിയാക്കാനായില്ല. പക്ഷെ അവിടെ തന്നെ ശാസ്‌ത്രം പഠിച്ച്‌ ബിരുദം നേടി. ഇതേ സമയം തന്നെ പില്‍ക്കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനും അദ്ധ്യാപകനുമായി മാറിയ പ്രഫുല്ല ചന്ദ്രറേയും വിദ്യാര്‍ത്ഥിയായി ബ്രിട്ടനില്‍ ഉണ്ടായിരുന്നു. ഇവിടെവച്ചുണ്ടായ സൗഹൃദം രണ്ടുപേര്‍ക്കും പില്‍ക്കാലത്ത്‌ ഏറെ അനുഗ്രഹമായി.

തിരികെ ഭാരത്തിലെത്തി കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി ചേരുമ്പോള്‍ ചില ധാരണകള്‍കൂടി അട്ടിമറിക്കുകയായിരുന്നു. ഇംഗ്ലീഷുകാര്‍ക്ക്‌ മാത്രമേ ശാസ്‌ത്രവും സാങ്കേതിക വിദ്യയും പഠിപ്പിക്കാനാകൂ എന്ന ധാരണ അന്നത്തെ ബ്രിട്ടീഷ്‌ ഇന്ത്യാഭരണകൂടം വച്ചു പുലര്‍ത്തിയിരുന്നു. ഇനി അങ്ങനെ ആരെയെങ്കിലും കിട്ടിയാല്‍ തന്നെ വെള്ളക്കാര്‍ക്കു കൊടുക്കുന്നതിന്റെ പകുതിപോലും പ്രതിഫലം നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിഫലം സ്വീകരിക്കാതെയാണ്‌ ജെ.സി. ബോസ്‌ അധ്യാപകനായി ജോലിനോക്കിവന്നത്‌. അക്കാലത്ത്‌ ബോസിനെ പൊലെ തന്നെ ഒട്ടേറെ ശാസ്‌ത്രജ്ഞന്മാര്‍ ബംഗാളില്‍ ദേശീയ പ്രസ്ഥാനവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നു.

ജെ.സി. ബോസ്‌, പ്രഫുല്ല ചന്ദ്രറേ, ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍, പ്രൊഫ. അശുതോഷ്‌ മൂക്കര്‍ജി എന്നിവരുടെ സജീവമായ ഇടപെടല്‍ മൂലം ബംഗാളില്‍ ശാസ്‌ത്രത്തിന്‌ സജീവമായ ഒരു സ്ഥാനം കൈവന്നു. പാരീസില്‍ വച്ച്‌ ഒരിക്കല്‍ ബോസിന്റെ പ്രസംഗം കേള്‍ക്കാനിടയായ സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ വീരപുത്രനെന്നാണ്‌ വിശേഷിപ്പിച്ചത്‌. പിതാവ്‌ ഭഗവന്‍ ചന്ദ്രബോസ്‌ നല്ലനിലയില്‍ ശമ്പളം പറ്റുകയും ഉയര്‍ന്ന സ്ഥാനത്ത്‌ പ്രവര്‍ത്തിക്കുകയും ചെയ്‌ത ഉദ്ദ്യോഗസ്ഥനായിട്ടുകൂടി മകനെ ബംഗാളി മാധ്യമത്തിലാണ്‌ സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യിപ്പിച്ചത്‌. തുടക്കത്തിലെ ഇംഗ്ലീഷ്‌ മാധ്യമത്തിലെക്ക്‌ വിദ്യാഭ്യാസം തിരിച്ചു വിട്ടാല്‍ പാശ്ചാത്യരുടെ വേഷവും ഭാഷയും മാത്രമേ പഠിക്കുകയുള്ളൂവെന്ന്‌ വിശ്വസിച്ചിരുന്നതിനാല്‍ സ്‌കൂള്‍ സമയത്ത്‌ തന്നെ സാധാരണ അന്തരീക്ഷത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടു വളരാന്‍ ജെ.സി. ബോസിനായി.

ജെ.സി.ബോസിന്റെ സഹപാഠി കളിലൊരാള്‍ പിതാവിന്റെ ഓഫീസിലെ ഏറ്റവും താഴ്‌ന്ന ജോലി ചെയ്‌തു കൊണ്ടുരുന്നയാളുടെ മകനും മറ്റോരാള്‍ മത്സ്യബന്ധന തൊഴിലാളിയുടെ മകനും ആയിരുന്നു. ഈ സുഹൃത്തുക്കളില്‍ നിന്നും നാട്ടുവര്‍ത്തമാനത്തോടൊപ്പം ജന്തുക്കളുടെയും സസ്യങ്ങളുടെയും വിവരങ്ങളും ബോസിന്‌ ലഭിച്ചിരുന്നു.

പിന്നീടുള്ള സ്‌കൂള്‍ വിദ്യാഭ്യാസം കൊല്‍ക്കത്തയിലെ സെന്റ്‌ സേവിയേഴ്‌സ്‌ സ്‌കൂളിലായിരുന്നു. ബിരുദ പഠനത്തിന്‌ ശേഷം ഐ.സി.എസ്‌. എഴുതി സിവില്‍ സര്‍വ്വീസ്‌ ഓഫീസറാകാന്‍ പല സമ്മര്‍ദ്ദങ്ങളുമുണ്ടായെങ്കിലും തന്നെപോലെ ഒരു ഓഫീസര്‍ ആകുന്നതില്‍ പിതാവിന്‌ താത്‌പര്യമുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക്‌ ഉപരിപഠനത്തിനയക്കുമ്പോഴും ഐ.സി.എസ്‌ കാരനാകാന്‍ പഠിക്കുന്നതിലെ അനിഷ്‌ടം പിതാവ്‌ സൂചിപ്പിക്കുകയും ചെയ്‌തു.

ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയത്‌ ബ്രിട്ടീഷ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറലിന്റെ കത്തുമായിട്ടായിരുന്നു. അന്നത്തെ വൈസ്രോയി റിപ്പണ്‍ പ്രഭുവിന്‌ കത്തുകൈമാറി. ഉടന്‍ തന്നെ ബംഗാള്‍ ഗവണ്‍മെന്റില്‍ ജോലി നല്‍കാന്‍ വൈസ്രോയി നിര്‍ദ്ദേശിച്ചു.കോളജില്‍ ഒരു മാതൃകാ അധ്യാപകനെന്ന നിലയിലും ഗവേഷകമെന്ന നിലയിലും പെട്ടെന്ന്‌ പെരെടുത്തു. ആദ്യം അനിഷ്‌ടം പ്രകടിപ്പിച്ച പ്രിന്‍സിപ്പല്‍ ജെ.സി.ബോസിന്റെ ശാസ്‌ത്രാഭിമുഖ്യം കണ്ട്‌ അഭിനന്ദിക്കുകയും പൂര്‍ണ തോതില്‍ പ്രതിഫലം നല്‍കാന്‍ തയാറാകുകയും ചെയ്‌തു. ശിഷ്യഗണങ്ങളില്‍ പില്‍ക്കാലത്ത്‌ പ്രഗത്ഭ ശാസ്‌ത്രജ്ഞരായി തീര്‍ന്ന സത്യേന്ദ്രനാഥ്‌ ബോസ്‌, മേഘനാഥ്‌ സാഹ എന്നിവരുള്‍പ്പെട്ടിരുന്നു.പ്രസിഡന്‍സികോളജിലെ പരീക്ഷണശാല പുനസംവിധാനം ചെയ്‌ത്‌ ഉത്തമമായ പരീക്ഷണ കേന്ദ്രമാക്കി മാറ്റിയെടുത്തു.1887-ല്‍ ദുര്‍ഗാ മോഹന്‍ദാസിന്റെ മകള്‍ അബലാ ദാസുമായി വിവാഹം.

1895 -ല്‍ ബോസ്‌ നടത്തിയ പരീക്ഷണം ശാസ്‌ത്രചരിത്രത്തിലെ നാഴികകല്ലായി. ഇലക്‌ട്രിക്‌ വയറിന്റെ ബന്ധനം ഇല്ലാതെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ആശയ കൈമാറ്റം നടത്തുന്ന പരീക്ഷണമായിരുന്നു ഇത്‌. ഇറ്റലിയില്‍ മാര്‍ക്കോണി റേഡിയോ തരംഗപ്രക്ഷേപണം കണ്ടുപിടിക്കുന്നതിനും 2 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണിത്‌. ഒരു മുറിയില്‍ റേഡിയോ തരംഗം പുറപ്പെടുവിക്കുന്ന ഉപകരണം സ്ഥാപിച്ചു. അടുത്ത മുറിയില്‍ ഒരു പ്രത്യേകതരം പിസ്റ്റലും ശരിയാക്കി നിര്‍ത്തി. യന്ത്രം പ്രവര്‍ത്തന സജ്ജമാക്കിയതോടെ പുറപ്പെട്ട റേഡിയോ തരംഗം പിസ്റ്റലിനെ സ്റ്റാര്‍ട്ടാക്കി വെടി പൊട്ടിച്ചു. ഈ വയര്‍ലെസ്‌ പ്രയോഗം വിജയകരമായി പൊതു പരിപാടികളില്‍ അവതരിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ പേറ്റന്റ്‌ എടുക്കുന്നതിലെ വിമുഖത ജെ.സി. ബോസിന്‌ താത്‌കാലികമായെങ്കിലും തിരിച്ചടിയായി. മാര്‍ക്കോണി റേഡിയോയുടെ പേറ്റന്റ്‌ നേടി ശാസ്‌ത്രചരിത്രത്തില്‍ സ്ഥാനമുറപ്പിച്ചു. 1896-ല്‍ ലണ്ടന്‍ സര്‍വകലാശാല ജെ.സി. ബോസിന്‌ ഡോക്‌ടറേറ്റ്‌ ബിരുദം നല്‌കി ആദരിച്ചു. ഇന്ന്‌ വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തന്നെ വയര്‍ലെസ്‌ ആണെന്നോര്‍ക്കണം, പില്‍കാലത്ത്‌ വാണിജ്യപരമായ ഏറെ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായിരുന്നിട്ടുകൂടി ബോസിന്‌ പേറ്റന്റില്‍ താത്‌പര്യമുണ്ടായിരുന്നില്ല. ശാസ്‌ത്രീയ ഗവേഷണങ്ങളില്‍ മാത്രമായിരുന്നു മുഴുവന്‍ സമയം ശ്രദ്ധ.

1900-ല്‍ പാരീസില്‍ വച്ച്‌ നടന്ന അന്തര്‍ദേശീയ ഭൗതിക ശാസ്‌ത്രകോണ്‍ഗ്രസില്‍ ജീവശാസ്‌ത്രരംഗത്തെ നിര്‍ണായകമായ കണ്ടുപിടുത്തം ജെ.സി. ബോസ്‌ അവതരിപ്പിച്ചപ്പോള്‍ ഭൗതികശാസ്‌ത്രത്തിലെ പ്രതിഭയുടെ കരസ്‌പര്‍ശം ജീവശാസ്‌ത്രത്തിലേക്കു കൂടി വഴിതിരിയുകയായിരുന്നു. സസ്യങ്ങള്‍ക്കും അചേതനമായ വസ്‌തുക്കള്‍ക്കും ജീവനുണ്ടന്നും അദ്ദേഹം തെളിയിച്ചു. സസ്യവളര്‍ച്ച സൂക്ഷ്‌മമായി അളക്കാനുള്ള ക്രെസ്‌മോഗ്രാഫ്‌ എന്ന ലഘുയന്ത്രം വികസിപ്പിച്ചെടുത്ത്‌ വിവിധ വേദികളില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്‌തു. ബോസിന്റ യൂറോപ്യന്‍ പര്യടനം വിജയകരമായിരുന്നു. ഇംഗ്ലണ്ടിലെ യാത്രയെ പുകഴ്‌ത്തി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ഒരു കവിത എഴുതി ബോസിനെത്തിച്ചു. പര്യടനം പൂര്‍ത്തിയാക്കി ഭാരതത്തിലേക്ക്‌ തിരികെയെത്തുമ്പോള്‍ തുടര്‍ ഗവേഷണത്തിനും പഠനത്തിനും വേണ്ട സൗകര്യങ്ങളൊരുക്കാന്‍ ഞങ്ങളൊരുക്കമാണെന്നും ടാഗോര്‍ ബോസിനെ ധരിപ്പിച്ചു.

ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തുകയും ചില ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്‌തു. 1914-ല്‍ നടത്തിയ വിദേശയാത്രയില്‍ കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന്‌ മുന്നിലേക്കെത്തിക്കാന്‍ കഴിഞ്ഞു. ആദ്യകാലത്ത്‌ സംശയ ദൃഷ്‌ടിയോടെ ബോസിന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ട പലപ്രമുഖരും കൂടുതല്‍ വിശദീകരണത്തില്‍ ആകൃഷ്‌ടരായി. സസ്യങ്ങളിലെ ഉത്തേജിത ചെറുചലനങ്ങള്‍(excitory impulses), സസ്യത്തിന്റെ മരണവേദന എന്നിവ വിശദമാക്കി പ്രഭാഷണം നടത്തി ഒരു കഷണം പച്ചക്കറി ചൂടാക്കിയപ്പോള്‍ അതിനുണ്ടാകുന്ന രാസ, ഭൗതിക മാറ്റങ്ങള്‍ ബോസ്‌ പരീക്ഷണ സഹിതം വിവരിച്ച വേദിയില്‍ കേള്‍വിക്കാരനായി ബര്‍ണാഡ്‌ഷായും ഉണ്ടായിരുന്നു.

1915-ല്‍ പ്രസിഡന്‍സി കോളജില്‍ നിന്നും വിരമിച്ച ശേഷം ഗവേഷണ, പരീക്ഷണശാല സ്വന്തം വീട്ടിലേക്ക്‌ മാറ്റി. എന്നാല്‍ സ്വന്തമായി ഒരു മികച്ച ഗവേഷണ കേന്ദ്രം ഉണ്ടാക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന്‌ 1917 നവംബര്‍ 30ന്‌ 'ബോസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌' കൊല്‍ക്കത്തയില്‍ ആരംഭിച്ചു. 1937 നവംബര്‍ 23ന്‌ അന്തരിക്കുന്നതുവരെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കികൊണ്ടിരുന്നു.

അംഗീകാരങ്ങള്‍1916-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ ബഹുമതി, 1920 റോയല്‍ സൊസൈറ്റി അംഗത്വം, 1927 ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍. ഇംഗ്ലണ്ടില്‍ വച്ച്‌. ?ഇക്കാലത്തെ ഏറ്റവും ഉന്നത ശീര്‍ഷനായ ജീവശാസ്‌ത്രകാരന്‌' എന്നെഴുതി ഒപ്പിട്ട്‌ ബര്‍ണാഡ്‌ ഷാ തന്റെ പുസ്‌തകങ്ങള്‍ നല്‌കിയിരുന്നു. വിശ്വഭാരതി സര്‍വകലാശാലയുടെ ഉപാധ്യക്ഷ പദവിയും ടാഗോര്‍ സ്‌നേഹാദരവോടെ ബോസിന്‌ നല്‌കി. മഹാത്മാഗാന്ധി യംഗ്‌ ഇന്ത്യ വഴി ബോസിന്റെ ശാസ്‌ത്രോദ്യമങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ സഹായിച്ചിട്ടുണ്ട്‌. ബംഗാളി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിട്ടിച്ചുണ്ട്‌ ഈ ബഹുമുഖപ്രതിഭ.

"ജഗദീശ്‌ ചന്ദ്രബോസ്‌ ഭാരതത്തിന്റെ വീരപുത്രനാണ്‌" - സ്വാമി വിവേകാനന്ദന്‍

Wednesday 17 October 2007

സി.വി രാമന്‍ ( 1888 നവംബര്‍ 7 - 1970 നവംബര്‍ 21)



ഭാരതീയ ശാസ്‌ത്ര പെരുമയുടെ കിരണങ്ങള്‍ ലോകമെമ്പാടും പരത്തിയ മഹാനായ ശാസ്‌ത്രജ്ഞനായിരുന്നു സര്‍. സി.വി.രാമന്‍. വളരെ ചിലവുകുറഞ്ഞ ഉപകരണങ്ങള്‍ കൊണ്ടും മഹത്തായ ശാസ്‌ത്ര കണ്ടുപിടുത്തങ്ങള്‍ നടത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിച്ച ഈ ശാസ്‌ത്രന്വേഷിയാണ്‌ ഏഷ്യയിലേക്ക്‌ ആദ്യമായി ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കൊണ്ട്‌ വന്നത്‌. തദ്ദേശിയമായ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പഠിച്ചും പരീക്ഷണം നടത്തിയും ഒട്ടേറെപേര്‍ക്ക്‌ ഗവേഷണാചാര്യനായും പ്രവര്‍ത്തിച്ച സി.വി.രാമനാണ്‌ ആധുനിക ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ക്ക്‌ അടിസ്ഥാനമിട്ടതും.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ തിരുവണൈകാവല്‍ ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിന്‌ ചന്ദ്രശേഖരയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി ജനിച്ചു. അക്കാദമിക പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ ജനിച്ചത്‌ രാമനില്‍ ബാല്യത്തിലെ ശാസ്‌ത്രാഭിരുചി വളരാന്‍ സഹായകമായി. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ ഗണിതശാസ്‌ത്രവും ഭൗതികശാസ്‌ത്രവും കൈകാര്യം ചെയ്‌തിരുന്ന അദ്ധ്യാപകനായിരുന്നു. രാമന്റെ അമ്മയുടെ അച്ഛന്‍ സപ്‌തര്‍ഷി ശാസ്‌ത്രകള്‍ സംസ്‌കൃത പണ്ഡിതനായിരുന്നു.സി.വി. രാമന്റെ കുടുംബത്തില്‍ മറ്റൊരാള്‍കൂടി നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്ന്‌ പറയുമ്പോള്‍ ചിത്രം വ്യക്തമാകും. അനന്തരവനായ എസ്‌. ചന്ദ്രശേഖറിന്‌ 1983-ല്‍ ഭൗതികശാസ്‌ത്ര സംഭാവനകള്‍ക്കുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

ചന്ദ്രശേഖര വെങ്കിട്ട രാമന്‍ എന്നാണ്‌ സി. വി. രാമന്റെ മുഴുവന്‍ പേര്‌. രാമന്‍ ബാല്യത്തിലെ അസാധാരണ കഴിവുകള്‍ പ്രകടപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. പാഠപുസ്‌തകങ്ങള്‍ക്കപ്പുറത്തുള്ള അറിവിനായി പുറമേ ലഭിക്കുന്ന പുസ്‌തകങ്ങളുമായി ബാല്യത്തില്‍ തന്നെ കൂട്ടുകൂടി. 1892-ല്‍ പിതാവിന്‌ വിശാഖപട്ടണത്തിലുള്ള കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ കുടുംബം അങ്ങോട്ടേക്ക്‌ താമസം മാറി. പതിനൊന്നാം വയസ്സില്‍ തന്നെ മെട്രിക്കുലേഷന്‍ പാസ്സായി പിതാവ്‌ പഠിപ്പിച്ചിരുന്ന എ.വി.എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ (ഇന്നത്തെ പ്ലസ്‌ടു) ചേര്‍ന്നു. തുടര്‍ന്ന്‌ ബിരുദ പഠനത്തിനായി മദ്രാസ്‌ സര്‍വ്വകലാശാലയുടെ കീഴിലുള്ള പ്രസ്‌ത കലാലയമായ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904-ല്‍ ബി. എ റാങ്കോടുകൂടി വിജയിക്കുമ്പോള്‍ വളരെ കുറഞ്ഞ പ്രായത്തില്‍ ബിരുദധാരിയാകുന്നുവെന്ന ബഹുമതിയും നേടി 1907-ല്‍ എം. എയും പ്രസിഡന്‍സി കോളേജില്‍ നിന്നു തന്നെ പ്രശസ്‌തമായ നിലയില്‍ പാസായി. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അന്താരാഷ്‌ട്രശാസ്‌ത്ര ജേണലില്‍ പ്രബന്ധം പ്രസിദ്ധപ്പെടുത്തി വിസ്‌മയം സൃഷ്‌ടിച്ചു. തുടര്‍പഠനത്തിനും ഗവേഷണ സൗകര്യത്തിനുമായി ഇംഗ്ലണ്ടിലേക്ക്‌ പോകാന്‍ പദ്ധതിയിട്ടെങ്കിലും ആരോഗ്യാവസ്ഥ അനുവദിച്ചില്ല. ഉടനെതന്നെ ജോലിക്കായിയുള്ള പരീക്ഷ എഴുതി.

1907-ല്‍ 18.5 വയസ്സുള്ളപ്പോള്‍ കല്‍ക്കട്ടയില്‍ അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ ജനറലായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കംകുറിച്ചു. ആ ഇടയ്‌ക്ക്‌ തന്നെ സംഗീത വിദഗ്‌ദയായിരുന്ന സുന്ദരാംബാളിനെ വിവാഹം കഴിച്ചു. ജോലികഴിഞ്ഞ്‌ വരുന്ന ഒരു ദിവസം വൈകുന്നേരം കല്‍ക്കട്ടയിലുള്ള ഇന്ത്യന്‍ അസോസ്സിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌ (ഐ.എ.സി.എസ്സ്‌) സന്ദര്‍ശിക്കുവാനിടയായത്‌ രാമനിലെ ശാസ്‌ത്രാന്വേഷിക്ക്‌ നവചൈതന്യം പകര്‍ന്നു. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഐ.എ.സി.എസ്സിലേ നിത്യസന്ദര്‍ശകനാകാന്‍ അധികം സമയം എടുത്തില്ല. ജോലിസമയത്തിന്‌ ശേഷം ഐ.എ.സി.എസ്സിലേ പരീക്ഷണശാലയില്‍ സി.വി.രാമന്‍ സ്വന്തം പരീക്ഷങ്ങളില്‍ മുഴുകി. ഈ സമയത്ത്‌ എഴുതി തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്‌ട്ര ശാസ്‌ത്ര ജേണലുകളില്‍ ഇടം കണ്ടെത്തി തുടങ്ങിയിരുന്നു. മൗലികമായ ശാസ്‌ത്രരചനകള്‍ പതുക്കെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.

1917-ല്‍ കണക്കെഴുത്തിന്റെ ലോകം വിട്ട്‌ കൊല്‍ക്കത്ത സര്‍വ്വകലാശാല ഭൗതികശാസ്‌ത്രാദ്ധ്യാപകന്റെ ജോലിയില്‍ പ്രവേശിച്ചു. ഇതോടൊപ്പം നേരത്തെ തുടങ്ങിവച്ച ഐ.എ.സി.എസ്സിലേ പരീക്ഷണനിരീക്ഷണങ്ങളും തുടര്‍ന്നു. 1921-ല്‍ ലണ്ടനിലെ പ്രഖ്യാതമായ ഒക്‌സ്‌ഫോഡില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കൊല്‍ക്കത്ത സര്‍വകലാശാലയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ നിര്‍ണായക സംഭാവമായി ഇവിടെ നിന്ന്‌ തിരികെയുള്ള കപ്പല്‍ യാത്രയിലാണ്‌ ശാസ്‌ത്രലോകത്തിന്‌ അമൂല്യമായോരു സംഭാവന ലഭിച്ചതും. മെഡിറ്ററേനിയന്‍ ഭാഗം കഴിഞ്ഞു കപ്പല്‍ നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ കടലിന്റെ നീലവര്‍ണം രാമന്റെ ചിന്തയെ സജീവമാക്കി. ആകാശത്തിന്റെ നിറമല്ലെന്നും പ്രകാശത്തിന്‌ ഏതൊ ഒരു മാറ്റം സംഭവിക്കുന്നുവെന്നും അദ്ദേഹം അനുമാനുച്ചു. പിന്നീട്‌ ഇതിന്റെ ശാസ്‌ത്രതത്വം അനാവരണം ചെയ്യാനുള്ള ശ്രമമായിരുന്നു. കടലിന്റെ നീലവര്‍ണം റേലിംഗ്‌ പ്രഭു അക്കാലത്ത്‌ പ്രസ്‌താപിച്ചിരുന്നതു പോലെ ആകാശത്തിന്റെ പ്രതിബിംബം കൊണ്ടല്ലന്നും മറിച്ച്‌ ജലതന്മാത്രകള്‍ പ്രകാശത്തെ വിസരണം ചെയ്യുന്നതുകൊണ്ടാണന്നും രാമന്‍ സിദ്ധാന്തിച്ചു.

കടല്‍ വെള്ളത്തില്‍ ഹ്രസ്വതരംഗവര്‍ണങ്ങളായ വയലറ്റ്‌, ഇന്‍ഡിഗോ, നീല തുടങ്ങിയവയാണ്‌ ഏറ്റവും കൂടുതല്‍ വിസരണവിധേയമാകുന്നത്‌. ഇങ്ങനെയുള്ള നിറമാണ്‌ മൊത്തത്തില്‍ നീലനിറമായി തോന്നുന്നുതെന്ന്‌ രാമന്‍ വ്യക്തമാക്കി. രാമന്‍ തന്റെ ഗവേഷക വിദ്യാര്‍ത്ഥികളോടൊത്ത്‌ വിവിധതരം മാധ്യമങ്ങളിലൂടെ പ്രകാശം കടത്തിവിട്ട്‌ നിരന്തര പരീക്ഷണം നടത്തി. നിലവര്‍ണം സുതാര്യമായ ബെന്‍സീന്‍ലായനിയിലൂടെ കടന്നു പോകുമ്പോള്‍ മഞ്ഞ നിറമുണ്ടാകും. പ്രകാശകണങ്ങളായ ഫോട്ടേണുകള്‍ ദ്രാവകത്തിന്റെ തന്മാത്രകളുമായി സമ്പര്‍ക്കത്തിലാകുമ്പോഴാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. 1928 ഫെബ്രുവരി 28 നാണ്‌ 'രാമന്‍ ഇഫക്‌ട്‌' എന്ന ശാസ്‌ത്രപ്രതിഭാസം ലോകത്തെ അറിയിച്ചു. മാര്‍ച്ച്‌ മാസം പുറത്തിറങ്ങിയ നേച്ചര്‍ മാസികയില്‍ സി.വി.രാമനും ശിഷ്യനായ കെ.എസ്‌. കൃഷ്‌ണനും കൂടി എഴുതിയ വിശദമായ ലേഖനവും പുറത്തുവന്നു.

രാമന്‍ പ്രഭാവം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്‌ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു.കണ്ടുപിടിച്ചതിന്‌ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സി.വി. രാമനെതേടി ശാസ്‌ത്രലോകത്തെ അമൂല്യ ബഹുമതിയായ നോബല്‍ പുരസ്‌കാരമെത്തി. ചില വര്‍ഷങ്ങളില്‍ നോബല്‍ പുരസ്‌കാരം പങ്കിട്ടാണ്‌ കൊടുക്കുന്നത്‌. എന്നാല്‍ 1930 -ല്‍ ഭൗതികശാസ്‌ത്ര നോബല്‍ പുരസ്‌കാരം രാമന്റെ മാത്രം പേരില്‍ കുറിക്കപ്പെട്ടു. 1929-ല്‍ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസിന്റെ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

1933-ല്‍ സി.വി. രാമന്‍ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഡയറക്‌ടറായി ചേര്‍ന്നു. ഭൗതിക ശാസ്‌ത്രവിഭാഗത്തിന്‌ അമിത പ്രാധാന്യം കൊടുക്കുന്ന എന്ന ആക്ഷേപം അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഭൗതികശാസ്‌ത്ര വകുപ്പ്‌ തുടങ്ങുന്നതിനും മറ്റ്‌ പഠന ഗവേഷണ വകുപ്പുകളെ പുനഃസംഘടിപ്പിക്കുന്നതിനും, രാമന്‍ താത്‌പര്യം കാട്ടി. സങ്കീര്‍ണവും കൃത്യതയുമുള്ള ലാബോറട്ടറി ഉപകരണങ്ങള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ തന്നെ നിര്‍മ്മിക്കാനായി ഒരു കേന്ദ്രീകൃത പണിശാലയും ആരംഭിച്ചു. കേവലം 300 രൂപ വിലവരുന്ന ഉപകരണം ഉപയോഗിച്ചാണ്‌ നോബല്‍ സമ്മാനത്തിന്‌ അര്‍ഹമായ രാമന്‍ ഇഫക്‌ട്‌ സി.വി. രാമന്‍ കണ്ടുപിടിച്ചത്‌. ശാസ്‌ത്രഗവേഷണത്തിന്‌ വിലകൂടിയ ഉപകരണങ്ങള്‍ വേണമെന്ന വാശിയില്ലാത്ത ഈ ശാസ്‌ത്രജ്ഞന്‍ ഉപകരണങ്ങള്‍ പലതും തദ്ദേശിയമായി ചിലവ്‌ കുറഞ്ഞ രീതിയില്‍ കണ്ടെത്താനാകുമെന്ന്‌ ഗവേഷകരെ ഉപദേശിച്ചു. 1949-ല്‍ രാമന്‍ സ്വന്തം ഗവേഷണ ശാലയായ 'രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌' സ്ഥാപിച്ചു. മരിക്കും വരെ ഈ സ്ഥാപനത്തിന്റെ ഡയറക്‌ടറായി തുടര്‍ന്ന്‌ ഗവേഷണ പഠനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കി. ശബ്‌ദവും പ്രകാശവുമായിരുന്നു സി.വി. രാമന്റെ ഇഷ്‌ടവിഷയങ്ങള്‍. ഭാരതത്തിലെ സംഗീതോപകരണങ്ങളുടെ ശബ്‌ദവിന്യാസത്തെ കുറിച്ചു നടത്തിയ പഠനം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ജീവിത കാലത്തിനിടയ്‌ക്ക്‌ 475 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ അന്തര്‍ദേശീയ ജേണലുകളിലായി പ്രസിദ്ധപ്പെടുത്തി. രാമന്‍ ഉഫക്‌ടിനെ അടിസ്ഥാനമാക്കി ആദ്യദശകത്തിനുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 1500 ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു എന്ന്‌ പറയുമ്പോള്‍ രാമന്‍ ഇഫക്‌ട്‌ ശാസ്‌ത്രലോകത്ത്‌ സൃഷ്‌ടിച്ചു ഇഫക്‌ട്‌ മനസിലാക്കാം. 82-ം വയസില്‍ (1970 നവംബര്‍ 21-ന്‌) സി.വി. രാമന്‍ അന്തരിച്ചു. ഭൗതിക ശരീരം രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ വളപ്പിലെ ഉദ്യാനത്തില്‍ തന്നെ സംസ്‌കരിച്ചു.

അംഗീകാരങ്ങള്‍: നോബല്‍ സമ്മാനത്തിന്‌ പുറമേ ഒട്ടേറെ അംഗീകാരങ്ങള്‍ സി.വി. രാമനെ തേടിയെത്തി. 1924-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1929-ല്‍ ബ്രിട്ടനില്‍ നിന്നും സര്‍ സ്ഥാനം ലഭിച്ചു. 1941-ല്‍ അമേര്‌ക്കയില്‍ നിന്നും ഫ്രാങ്ക്‌ലിന്‍ പുരസ്‌കാരം. അമേരിക്കയിലെ കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) വിസിറ്റിംഗ്‌ പ്രോഫസറായി പ്രഭാഷണങ്ങളും ക്ലാസുകളും നടത്തിയിട്ടുണ്ട്‌. 1954-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം. 1957-ല്‍ അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ ലെനില്‍ പുരസ്‌കാരം. 1949-ല്‍ ദേശീയ പ്രൊഫസര്‍ പദവി നല്‌കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു.
സി.വി. രാമന്റെ പ്രശസ്‌തമായ വാചകം
“ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്‌ കരുതല്‍ ധനമായ സ്വര്‍ണമോ, ബാങ്ക്‌ നിക്ഷേപമോ, ഫാക്‌ടറികളോ അല്ല, മറിച്ച്‌ ഇവിടുത്തെ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും ശാരീരികവുമായ ശക്തിയിലാണ്‌“

നോബല്‍ കഥകള്‍
തമാശ കലര്‍ന്ന സംഭാഷണവും രാമന്‍ ഇഷ്‌ടപ്പെട്ടിരുന്നു. സ്റ്റോക്‌ഹോമില്‍ വച്ച്‌ സ്വീഡിഷ്‌ രാജാവ്‌ നോബല്‍ പുരസ്‌കാരം നല്‍കിയ ശേഷം, രാമന്‍ ഇഫക്‌ട്‌ നേരില്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാമന്‍ പെട്ടെന്നുതന്നെ അത്‌ കാണിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ആള്‍ക്കഹോള്‍ ആയിരുന്നു അപ്പോള്‍ പരീക്ഷണ ദ്രാവകമായി തിരഞ്ഞെടുത്തത്‌. പരീക്ഷണത്തില്‍ രാജാവ്‌ സന്തുഷ്‌ടനായി.തുടര്‍ന്ന്‌ നടന്ന വിരുന്നില്‍ രാജാവ്‌ തമാശരൂപേണ പറഞ്ഞു. “ഇതുവരെ നാം കണ്ടത്‌ ആള്‍ക്കഹോളിലുള്ള രാമന്‍ ഇഫക്‌ടായിരുന്നു. ഇനി നമുക്ക്‌ രാമനിലുള്ള ആള്‍ക്കഹോള്‍ ഇഫക്‌ട്‌ കാണാം” അത്‌ മദ്യവിരോധിയായ രാമനെ ചൊടിപ്പിച്ചു. തമാശരൂപേണ തന്നെ തിരിച്ചടിച്ചു. “നിങ്ങള്‍ എത്രശ്രമിച്ചാലും ആള്‍ക്കഹോളിലുള്ള രാമന്‍ ഇഫക്‌ടല്ലാത്ത രാമനിലുള്ള ആള്‍ക്കഹോള്‍ ഇഫക്‌ട്‌ കാണാനാകില്ല.”

1930 ഡിസംബര്‍ മാസം 10-ാം തീയതിയാണ്‌ സി.വി. രാമന്‌ നോബല്‍ സമ്മാനം സ്റ്റോക്‌ഹോമില്‍ വച്ച്‌ സല്‍കിയത്‌. അക്കാലത്ത്‌ നവംബര്‍ ഒടുവിലാണ്‌ അവാര്‍ഡ്‌ വിവരം പ്രഖ്യാപിക്കുക. ഭാരതത്തില്‍ നിന്ന്‌ സമ്മാനം സ്വീകരിക്കാനായി കപ്പല്‍മാര്‍ഗം സ്വീഡനിലെത്തണമെങ്കില്‍ തന്നെ രണ്ടാഴ്‌ച കുറഞ്ഞത്‌ വേണമെന്ന്‌ മാത്രമല്ല, മൂന്ന്‌ മാസത്തിന്‌ മുന്നെ ടിക്കറ്റ്‌ വിറ്റു തീരുകയും ചെയ്യും. രാമന്റെ ശിഷ്യനായ ഭഗവന്തം ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നു. 1930 ജൂലായ്‌ മാസത്തില്‍ തന്നെ നോബല്‍ സമ്മാന പ്രഖ്യാപനത്തിനും മൂന്ന്‌ മാസം മുന്നേ-തനിക്കും ഭാര്യക്കുമായി രണ്ടു ടിക്കറ്റുകള്‍ രാമന്‍ റിസര്‍വ്‌ ചെയ്‌തിരുന്നു. ഇങ്ങനെ ടിക്കറ്റ്‌ ബുക്കുചെയ്യുക മാത്രമല്ല അങ്ങനെ ചെയ്‌തുവെന്ന്‌ മുന്‍ക്കൂട്ടി മറ്റുള്ളവരെ അറിയിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. 1929-ലെ നോബല്‍ സമ്മാനത്തിനും സി.വി.രാമനെ പരിഗണിച്ചിരുന്നുവെന്നതിനാല്‍ ഇത്രയും മികച്ച ശാസ്‌ത്രകണ്ടുപിടുത്തത്തിന്‌ 1930-ലെ നോബല്‍ പുരസ്‌കാരം ലഭിക്കുമെന്നത്‌ രാമനെപോലെ മറ്റുള്ളവര്‍ക്കും നിശ്ചയമായിരുന്നുവെന്നും പറയാം.

Tuesday 16 October 2007

എസ്‌.ചന്ദ്രശേഖര്‍ (1910 ഒക്‌ടോബര്‍ 19 - 1995 ആഗസ്‌ത്‌ 21)

ഭാരതത്തില്‍ ജനിച്ച്‌ ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തി പില്‍ക്കാലത്ത്‌ അമേരിക്കന്‍ പൗരത്വം നേടിയ വിശ്രുത ശാസ്‌ത്രജ്ഞനാണ്‌ സുബ്രമണ്യം ചന്ദ്രശേഖര്‍ എന്ന എസ്‌.ചന്ദ്രശേഖര്‍. ഫിസിക്‌സ്‌,അസ്‌ട്രോഫിസിക്‌സ്‌,അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം ചന്ദ്രശേഖര്‍ ലിമിറ്റ്‌ പേരിലറിയപ്പെടുന്ന കണ്ടെത്തല്‍ മാത്രം മതി ശാസ്‌ത്രലോകത്തിന്‌ എക്കാലവും സ്‌മരിക്കാന്‍. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

അവിഭക്ത ഭാരതത്തിലെ ലാഹോറില്‍ 1910 ഒക്‌ടോബര്‍ 19 നാണ്‌ എസ്‌.ചന്ദ്രശേഖറുടെ ജനനം.പിതാവ്‌ സുബ്രമണ്യ അയ്യര്‍ ആഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്‌ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. മാതാവ്‌ സീത.അച്ഛനമ്മമാരുടെ പക്കല്‍ നിന്നും സ്വകാര്യ ട്യൂഷനിലൂടെയും അനൗപചാരികമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.പിതാവിന്റെ ഇളയ സഹോദര പുത്രനാണ്‌ ഭാരതത്തിലേക്ക്‌ ശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ആദ്യാമായെത്തിച്ച സര്‍. സി.വി രാമന്‍. ഒരു കുടുംബത്തില്‍ തന്നെ രണ്ടു പേര്‍ക്ക്‌ നോബല്‍ പുരസ്‌കാരം അതും ഒരേ ശാസ്‌ത്രശാഖ-ഭൗതികശ്‌സ്‌ത്രം.


ചെന്നെയിലെത്തി ഹിന്ദു ഹൈസ്‌കൂളില്‍ നിന്നും സെക്കന്ററി വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളജില്‍ നിന്നും ഭൗതിക ശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലെത്തി. വിദ്യാര്‍ത്ഥിയായിരിക്കെ 1928ല്‍ റോയല്‍ സൊസൈറ്റി ജേണലില്‍ ശാസ്‌ത്ര പ്രബന്ധം പ്രസിദ്ധപ്പെടുത്തി.ഈ പ്രബന്ധത്തിന്റെ മികവുകൂടി പരിഗണിച്ചാണ്‌ പ്രഖ്യാതമായ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ ആര്‍.എച്ച്‌.ഫൗളറുടെ മേല്‍ നോട്ടത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി ചേരുന്നത്‌. 1933 ല്‍ അവിടെ നിന്നും ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി.


കേംബ്രിഡ്‌ജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അസ്‌ട്രോഫിസിക്‌സ്‌ മേഖലയില്‍ നിര്‍ണായകമായ ചന്ദ്രശേഖര്‍ ലിമിറ്റ്‌ രൂപപ്പെടുന്നത്‌. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തെ പറ്റിയാണ്‌ ചന്ദ്രശേഖര്‍ നിഗമനത്തിലെത്തിയത്‌. സൂര്യന്റെ ഭാരത്തിന്റെ 1.44 മടങ്ങ്‌ ഭാരമുള്ള നക്ഷത്രങ്ങള്‍ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും. ഈ ഒന്നേ ദശാംശം നാല്‌ നാല്‌ എന്ന സംഖ്യയാണ്‌ ചന്ദ്രശേഖര്‍ ലിമിറ്റ്‌ എന്നറിയപ്പെടുന്നത്‌. ഈ പരിധിക്കപ്പുറമുള്ളവ പൊട്ടിത്തെറിച്ചില്ലാതെയായേക്കാം.ഗണിത സമവാക്യങ്ങളുടെ സഹായത്തോടെയാണ്‌ ചന്ദ്രശേഖര്‍ ഈ സംഖ്യയിലേക്കെത്തിയത്‌.കേവലം 20 വയസുള്ളപ്പോഴാണ്‌ നിര്‍ണായകമായ ഈ കണ്ടെത്തല്‍ ശാസ്‌ത്രലോകത്തിന്‌ ചന്ദ്രശേഖറില്‍ നിന്നും ലഭിക്കുന്നത്‌.വിദ്യാഭ്യാസാനന്തരം ലണ്ടനിലുള്ള ട്രിനിറ്റി കോളജിന്റെ ഫെല്ലോഷിപ്പിനര്‍ഹനായി.ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ സമയത്ത്‌ അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാല അവിടെ ഗവേഷകനാകാന്‍ ക്ഷണിച്ചു.പിന്നീട്‌ അമേരിക്ക പ്രവര്‍ത്തന മണ്‌ഡലമാക്കി.


1952ല്‍ അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ആരംഭിച്ചുവെന്ന്‌ മാത്രമല്ല 19 വര്‍ഷക്കാലം ഇതിന്റെ എഡിറ്ററായിരുന്നു.ഈ കാലയളവില്‍ ജേണലിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിച്ചു.ഇതിനിടെ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ ഭാരതത്തിലെ ശാസ്‌ത്രമുന്നേറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു.രാമാനുജന്‍ ഫൗണ്ടഷനുവേണ്ട സഹായം ലഭ്യമാക്കാന്‍ ഭാരതസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. 1995 ആഗസ്‌ത്‌ 21-ന്‌ മരിക്കും വരെ ശാസ്‌ത്രലോകത്ത്‌ സജീവമായിരുന്നു.


അംഗീകാരങ്ങള്‍

1962ല്‍ റോയല്‍ മെഡല്‍, ശാസ്‌ത്രരംഗത്തെ മികച്ച സംഭാവനയ്‌ക്ക്‌ യു.എസ്‌ ദേശീയ മെഡല്‍, 1983 ല്‍ ഭൗതികശാസ്‌ത്ര സംഭാവനയ്‌ക്ക്‌ (വില്യം ആല്‍ഫ്രഡ്‌ ഫൗളറുമൊന്നിച്ച്‌ ) നോബല്‍ പുരസ്‌കാരം, അന്‍പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഗൈഡായും പ്രവര്‍ത്തിച്ചുണ്ട്‌.അസ്‌ട്രോഫിസിക്‌സില്‍ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌.

Monday 15 October 2007

ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം (1931 ഒക്‌ടോബര്‍ 15 -

ബഹിരാകാശ സാങ്കേതികവിദ്യാ വിദഗ്‌ദന്‍, ഭരണാധികാരി, എഴുത്തുകാരന്‍, അധ്യാപകന്‍, ഭാവിയെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കി കാണുന്ന ആസൂത്രണവിദഗ്‌ദന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയനാണ്‌ ഡോ.എ.പി.ജെ അബ്‌ദുള്‍ കലാം.രാഷ്‌ട്രപതി പദവിയിലെത്തും മുന്‍പെ തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്‌ക്ക്‌ അര്‍ഹനായി. ഭാരതത്തെ 2020ല്‍ വികസിതരാജ്യമാക്കാനുള്ള യത്‌നത്തിന്റെ അടിത്തറ യുണ്ടാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു.

മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ക്ക്‌ ചെറുബോട്ടുകള്‍ വാടകയ്‌ക്ക്‌ കൊടുത്ത്‌ വരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന ജൈനില്ലാബ്‌ദീന്റെയും ആഷിയാമ്മയുടെയും മകനായി തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിലെ ധനുഷ്‌കോടി എന്ന സ്ഥലത്ത്‌ 1931 ഒക്‌ടോബര്‍ 15 തീയതി ജനിച്ചു. സത്യസന്ധത,മതേതരത്വഭാവന എന്നിവ ബാല്യത്തില്‍ തന്നെ പിതാവില്‍ നിന്നും സ്വായത്തമാക്കി.പഠനച്ചിലവിനായി പത്രവിതരണ ജോലി ഏറ്റെടുത്തത്‌ അത്മകഥയില്‍ വിവരിക്കുന്നുണ്ട്‌.


ഹൈസ്‌കൂള്‍ പഠനത്തിനായി പോകുമ്പോള്‍ അച്ഛന്റെ ഉപദേശം ഇതായിരുന്നു. "അബുള്‍, വളരാനായി നീ ഇവിടം വിട്ടു പോകണം എന്നെനിക്കറിയാം.സൂര്യകിരണം തേടി കടല്‍കാക്കകള്‍ കൂടുവിട്ട്‌ പറന്നുയരുന്നില്ലേ.അതുപോലെ ഓര്‍മ്മകളുടെ ഈ സ്ഥലം വിട്ട്‌, നിന്റെ വലിയ ആഗ്രഹങ്ങള്‍ നേടുന്നതിനായി വളരെ വിശാലമായ ലോകത്തേക്ക്‌ നീ പോകണം ഞങ്ങളുടെ സ്‌നേഹം നിനക്ക്‌ ചങ്ങലയാകരുത്‌."


ബിരുദ പഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ്‌ കോളജിലെത്തി,തുടര്‍ന്ന്‌ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിംഗിലെ ഉപരി പഠനത്തിനായി മദ്രാസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേര്‍ന്നു. എയര്‍ഫോഴ്‌സിലെ പൈലറ്റാകാനായിരുന്നു അബ്‌ദുള്‍ കലാമിന്‌ ആഗ്രഹം ഇതിലേക്കായി ഡെറാഡൂണിലെ എയര്‍ഫോഴ്‌സ്‌ സെലക്ഷന്‍ ബോര്‍ഡിന്‌ മുന്നെ ഹാജരായെങ്കിലും തിരഞ്ഞടുക്കപ്പെട്ടില്ല.


പ്രതിരോധ മന്ത്രാലയത്തിന്‌ കീഴിലുള്ള ഡയറക്‌ടറേറ്റ്‌ ഓഫ്‌ ടെക്‌നിക്കല്‍ ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ പ്രൊഡക്ഷനില്‍ സീനിയര്‍ സയന്റിഫിക്‌ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യയുടെ ലോകത്ത്‌ സമാനതകളില്ലാത്ത ഒരു അധ്യായത്തിന്‌ തുടക്കം കുറിക്കുകയായിരുന്നു ഇവിടെ. 1962 ല്‍ ഇന്ത്യന്‍ കമ്മറ്റി ഫോര്‍ സ്‌പെയ്‌സ്‌ റിസര്‍ച്ചില്‍ റോക്കറ്റ്‌ എന്‍ജിനീയറായി ചേര്‍ന്നു.പിന്നീടുള്ള പ്രധാന ഉത്തരവാദിത്വം അയിടെ അരംഭിച്ച തിരുവനന്തപുരത്തെ തുമ്പ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക എന്നതായിരുന്നു.1969 ആഗസ്‌ത്‌ 15നാണ്‌ ആണവോര്‍ജ വകുപ്പിന്‌ കീഴില്‍ ഐ.എസ്‌.ആര്‍.ഓ രൂപം കൊണ്ടത്‌.പിന്നീടുള്ള ഔദ്യോഗിക ജീവിതം ഏറെയും ദക്ഷിണേന്ത്യന്‍ നഗരങ്ങളായ തിരുവനന്തപുരം,ഹൈദരാബാദ്‌,ബാംഗ്ലൂര്‍ എന്നിവടങ്ങളിലായിരുന്നു. പ്രൊഫസര്‍ വിക്രം സാരാഭായുടെ സംഘാംഗമായി ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ തുടക്കത്തിലേ പങ്കെടുക്കാനായത്‌ പില്‌ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ദിശാബോധം നല്‍കി.തദ്ദേശീയമായി ബഹിരാകാശ-പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു മുഖ്യ ഉദ്ദേശ്യം.


എസ്‌.എല്‍.വി 3 ന്റെ രൂപകല്‌പനയ്‌ക്കും വികസനത്തിനുമുള്ള ടീമിന്റെ നേതൃത്വം വഹിക്കാനായത്‌ ഡോ.കലാമിന്റെ പ്രൊഫഷണല്‍ ജിവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. എസ്‌.എല്‍.വി 3 ഉപയോഗിച്ച്‌ കൃത്രിമോപഗ്രഹമായ രോഹിണി1 നെ 1980 ജൂലൈ 18ന്‌ ഭ്രമണപഥത്തിലെത്തിച്ചത്‌ ബഹിരാകാശ രംഗത്തെ അവിസ്‌മരണീയ നേട്ടമായി. 1982ല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ (DRDO) ഡയറക്‌ടറായി നീയമിക്കപ്പെട്ടു.ഈ സമയത്ത്‌ നിരവധി പദ്ധതികള്‍ക്ക്‌ രൂപം കൊടുത്തു.അഗ്നി,പ്രഥ്വി എന്നീ മിസൈലുകള്‍ ഉദാഹരണം.


1992 ജൂലൈ മുതല്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്‌ടാവായി, വിവിധ മിസൈല്‍ പദ്ധതികള്‍ക്കും പൊക്രാന്‍ ആണവ പരീക്ഷണത്തിനും രൂപം നല്‍കാന്‍ ഈകാലഘട്ടത്തില്‍ സാധിച്ചു.ഇതിനിടെ 2020 ലെ വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടാനുള്ള സമിതിക്ക്‌ നേതൃത്വം കൊടുത്തു. Chairman of Technology Information, Forecasting and Assessment Council (TIFAC).എല്ലാ മേഖലയിലേയും വിദഗ്‌ദരെ പങ്കെടുപ്പിച്ചു കൊണ്ട്‌ തയാറാക്കിയ ദര്‍ശന രേഖ പിന്നിട്‌ രാഷ്‌ട്രപതിയായപ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു. 1999 നവംബര്‍ 25ന്‌ കാബിനറ്റ്‌ മന്ത്രിയുടെ റാങ്കോടെ കേന്ദ്ര സര്‍ക്കാരിന്റ മുഖ്യ ശാസ്‌ത്രോപദേഷ്‌ടാവായി നീയമിക്കപ്പെട്ടു. 2001 നവംബറില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി (Professor,Technology&Societal Transformation) പ്രീയപ്പെട്ട അധ്യാപന ജോലിയിലേക്കെത്തി.


2002 ജൂലൈ 25 ന്‌ ഭാരതത്തിന്റെ രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.
ബഹുമതികള്
‍മുപ്പതോളം സര്‍വകലാശാലകള്‍ ബഹുമതി ഡോക്‌ടറേറ്റ്‌ നല്‍കി ഡോ.എ.പി.ജെ അബ്‌ദുള്‍ കലാമിനെ ആദരിച്ചിട്ടുണ്ട്‌. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതികളായ പത്മ ഭൂഷണ്‍(1981), പത്മ വിഭൂഷണ്‍(1990), ഭാരത്‌ രത്‌ന(1997) എന്നിവ ലഭിച്ചിട്ടുണ്ട്‌.


പുസ്‌തകങ്ങള്‍

"Wings of Fire"

"India 2020 - A Vision for the New Millennium"

"My journey"

"Ignited Minds-Unleashing the power within India"

വെബ്‌ സൈറ്റ്‌



ഡോ.എ.പി.ജെ അബ്‌ദുള്‍ കലാമിന്റെ പ്രശസ്‌തമായ വാചകം

"The dream is not what you see in sleep. Dream is the thing which doesn't let u sleep"

ജി.എന്‍.രാമചന്ദ്രന്‍ ( 1922 ഒക്‌ടോ 8- 2001 ഏപ്രില്‍ 7)

ശരീരത്തില്‍ കാണുന്ന കൊളാജന്‍ -പ്രോട്ടീന്‍- ഘടന ട്രിപ്പിള്‍ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ ഡോ.ജി.എന്‍. രാമചന്ദ്രന്‍. ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആര്‍. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബര്‍ എട്ടിന്‌ കൊച്ചിയില്‍ ജനിച്ച ഇദ്ദേഹം വിശ്രുത ശാസ്‌ത്രാന്വേഷകനായിരുന്നു. ഭാര്യ രാജലക്ഷ്‌മി. ഗോപാലസമുദ്രം നാരായണയ്യര്‍ രാമചന്ദ്രന്‍ എന്ന്‌ മുഴുവന്‍ പേര്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭാരതം കണ്ട പ്രഗത്ഭ ശാസ്‌ത്രജ്ഞരിലൊരാള്‍. നോബല്‍ സമ്മാനിതനാകേണ്ടിയിരുന്ന കണ്ടുപിടുത്തങ്ങളുടെ ശില്‌പിയുടെ ഇഷ്‌ടവിഷയങ്ങള്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയായിരുന്നു. ഇവയുടെ അന്തര്‍ വൈജാഞാനിക (Inter Disciplinary) മേഖലകളില്‍ സവിശേഷശ്രദ്ധ പതിപ്പിച്ചു.

1939 ല്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്ന്‌ ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയേറ്റ്‌ പാസായശേഷം തിരുച്ചിറപ്പള്ളിയിലെ സെന്‍റ്‌ജോസഫ്‌ കോളേജില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നു. 1942 ല്‍ ബാംഗ്ലൂരിലെ പ്രശസ്‌തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ചേര്‍ന്നെങ്കിലും സര്‍ സി.വി.രാമന്റെ താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക്‌ തന്നെ തിരിഞ്ഞു. താമസിയാതെ സി.വി. രാമന്റെ പ്രിയശിഷ്യന്മാരില്‍ ഒരാളായി മാറാന്‍ രാമചന്ദ്രന്‌ കഴിഞ്ഞു. അവിടെ നടത്തിയ പഠനത്തിന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.എസ്‌.സി ബിരുദം നേടി. തുടര്‍ന്ന്‌ സി.വി.രാമന്റെ കീഴില്‍ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D.Sc) കരസ്ഥമാക്കി.


1947 മുതല്‍ 1949 വരെ ക്രേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ കാവന്‍ഡിഷ്‌ ലബോറട്ടറിയില്‍ തുടര്‍പഠനത്തിന്‌ സ്‌കോളര്‍ഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്നും രണ്ടാമത്തെ ഡോക്‌ടറേറ്റ്‌ കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. ക്രേംബ്രിഡ്‌ജില്‍ വച്ചു തന്നെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ലിനസ്‌ പോളിങ്ങുമായി സൗഹൃദത്തിലായത്‌ പിന്നീടുള്ള പഠനഗവേഷണങ്ങള്‍ക്ക്‌ സഹായകമായി. എക്‌സ്‌റേയുടെ പ്രതിഫലനം മൂലം ഖരപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന ഇലാസ്‌തികത മാറ്റത്തെ കുറിച്ചായിരുന്നു അന്നത്തെ പഠനം.


1952 ല്‍ മദ്രാസ്‌ സര്‍വകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യമൊക്കെ നല്‍കി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാന്‍ ക്ഷണിച്ചു. എന്നാല്‍ സി.വി.രാമന്‍ തനിക്ക്‌ ചേരാനാകില്ലെന്ന നിസഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എന്‍. രാമചന്ദ്രന്റെ പേര്‌ നിര്‍ദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോള്‍ രാമചന്ദ്രന്‍ ഇന്ത്യയിലെ തലയെടുപ്പുള്ള സര്‍വകലാശാലകളിലൊന്നിന്റെ വകുപ്പ്‌ മേധാവിയായി നിയമിക്കപ്പെട്ടു. അന്നത്തെ മദ്രാസ്‌ സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ എ.ലക്‌ഷമണസ്വാമി മുതലിയാരുമായുള്ള സൗഹൃദം രാമചന്ദ്രന്റെ ഗവേഷണങ്ങള്‍ക്കും ചിന്തകള്‍ക്കും ഊര്‍ജമേകി. ജി.എന്‍.രാമചന്ദ്രന്റെ ഗവേഷണവും ശിഷ്യസമ്പത്തും മികച്ച ജേര്‍ണലുകളില്‍ പ്രത്യക്ഷമായിക്കൊണ്ടിരുന്ന ശാസ്‌ത്രപ്രബന്ധങ്ങളും മദ്രാസ്‌ സര്‍വകലാശാലക്ക്‌ ലോകശ്രദ്ധനേടിക്കൊടുത്തു. രണ്ട്‌ അന്തര്‍ദേശീയ ശാസ്‌ത്ര സിമ്പോസിയങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ സംഘടിപ്പിക്കപ്പെട്ടു. നോബല്‍ സമ്മാനിതരായ ശാസ്‌ത്രജ്ഞന്മാരടക്കമുള്ള മഹാരഥന്മാരുടെ ഒരുനിര തന്നെ ഈ സിമ്പോസിയങ്ങളെയെല്ലാം ധന്യമാക്കി. ഈ സമ്മേളനങ്ങളിലൊന്നില്‍ ലിനസ്‌ പോളിങ്ങും പങ്കെടുത്തുവെന്നത്‌ എടുത്തുപറയേണ്ടതുണ്ട്‌.


1970 ല്‍ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നും രാജിവച്ച്‌ താന്‍ വിദ്യാര്‍ത്ഥിയായും അധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്ക്‌ തന്നെ തിരിച്ചെത്തി. പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞനും സാങ്കേതികവിദഗ്‌ധനുമായ പ്രൊഫ.സതീഷ്‌ ധവാനായിരുന്നു അക്കാലത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടര്‍. അവിടെ തന്മാത്രാ ജീവഭൗതിക (Molecular Biophysics) ന്റെ പ്രൊഫസറും വകുപ്പ്‌ തലവനുമായി ജോലി ചെയ്‌തു. അതിനു ശേഷം 1978 മുതല്‍ 1981 വരെ മാത്തമാറ്റിക്കല്‍ ഫിലോസഫിയില്‍ അതേസ്ഥാപനത്തില്‍ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടര്‍ന്ന്‌ 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസര്‍) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം INSA ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ ചെയറില്‍ പ്രൊഫസറായും ജോലി നോക്കി.ഔദ്യോഗിക ജീവിതക്കാലത്തു തന്നെ ശാസ്‌ത്രലോകത്തിന്‌ നിര്‍ണായകമായ കണ്ടുപിടുത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എന്‍. രാമചന്ദ്രന്‍ എന്ന പ്രതിഭയില്‍ നിന്നും ലഭിച്ചു.


പ്രോട്ടീന്‍ തന്മാത്രകളെ കുറിച്ച്‌ പഠനം നടത്തി കണ്ടുപിടിച്ച ഘടന തന്നെയാണ്‌ രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത്‌ ഉറപ്പിച്ചത്‌. കൊളാജെന കുറിച്ച്‌ ശാസ്‌ത്രജ്ഞനായ ഗോപിനാഥം കര്‍ത്തായുമായി നടത്തിയ ഗവേഷണ പഠനങ്ങള്‍ക്കൊടുവില്‍ 1954 ആഗസ്‌ത്‌ 7 ന്‌ നേച്ചര്‍ വാരികയില്‍ കോളാജന്റെ ട്രിപ്പിള്‍ ഹെലിക്‌സ്‌ (മുപ്പിരിയന്‍ ഗോവണി) ഘടന വിശദമാക്കിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധപ്പെടുത്തി. പ്രോട്ടീനെ കുറിച്ചുള്ള തുടര്‍ പഠനങ്ങള്‍ക്ക്‌ ഇത്‌ നിര്‍ണായക വഴിത്തിരിവായി.ഗുരു സി.വി.രാമനെ പോലെ തന്നെ ജി.എന്‍. രാമചന്ദ്രനും തന്റെ എല്ലാ ഗവേഷണങ്ങളും ഭാരതത്തില്‍ തന്നെയായിരുന്നു നടത്തിയത്‌. ചിക്കാഗോ സര്‍വകലാശാലയിലടക്കം പല വിദേശ സര്‍വകലാശാലകളിലും പ്രഭാഷണങ്ങള്‍ നടത്താനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശാസ്‌ത്രനേട്ടങ്ങള്‍ അങ്ങനെ ലോകശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു. 1963 ല്‍ ശ്രീ.വി.ശശിശേഖരനുമായി ചേര്‍ന്ന്‌ ജേര്‍ണല്‍ ഓഫ്‌ മോളിക്കുലാര്‍ ബയോളജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ പോളിപെപ്‌റ്റൈഡ്‌ ശൃംഖലയുടെ ദ്വിമാന ചിത്രീകരണത്തിനുള്ള സങ്കേതം ജി.എന്‍.രാമചന്ദ്രന്‍ വിശദീകരിച്ചു. ഇന്ന്‌ ബയോ കെമസ്‌ട്രി, ബയോഫിസിക്‌സ്‌, മോളിക്കുലാര്‍ ബയോളജി, ബയോഇന്‍ഫോര്‍മാറ്റിക്‌സ്‌ രംഗത്ത വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും പ്രോട്ടിന്റെ തന്മാത്രാ മാതൃക ശരിയാണോ എന്നുറപ്പു വരുത്തുവാന്‍ 'രാമചന്ദ്രന്‍സ്‌ പ്ലോട്ട്‌' ഉപയോഗിക്കുന്നു.. 1971 ല്‍ ജി.എന്‍.രാമചന്ദ്രന്‍ ശ്രീ.എ.വി.ലക്ഷ്‌മിനാരായണയുമായി ചേര്‍ന്ന്‌ വൈദ്യശാസ്‌ത്രരംഗത്ത്‌ ഉപയോഗിക്കുന്ന ത്രിമാനചിത്രവുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തി. കണ്‍വൊലൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നടത്തുന്ന ത്രിമാന ചിത്രീകരണം ടോമോഗ്രാഫിക്‌ രീതിക്ക്‌ വിത്തുപാകി. പിന്നീട്‌ വൈദ്യശാസ്‌ത്ര പരിശോധനയ്‌ക്കും ശസ്‌ത്രക്രിയയ്‌ക്കും ഉപയോഗിക്കുന്ന കാറ്റ്‌സ്‌കാന്‍ വികസിപ്പിച്ചെടുക്കാന്‍ ഇത്‌ സഹായിച്ചു.1950 മുതല്‍ 1957 വരെ കറന്റ്‌ സയന്‍സ്‌ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.


ഇന്ത്യയിലെ തന്മാത്രാ ജൈവഭൗതികത്തിന്റെ പിതാവായി കരുതപ്പെടുന്ന ജി.എന്‍.രാമചന്ദ്രനെ തേടി ഒട്ടേറെ അംഗീകാരങ്ങളെത്തി. നോബല്‍ സമ്മാനിതനാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നെങ്കിലും ഇ.സി.ജി. സുദര്‍ശന്റെ കാര്യത്തിലെന്നപോലെ നോബല്‍ സമ്മാനം വഴുതിമാറി. പ്രശസ്‌തമായ ശാന്തിസ്വരൂപ്‌ ഭട്‌നഗര്‍ പുരസ്‌കാരം, വാട്ടുമ്മാള്‍ സ്‌മാരക പുരസ്‌കാരം. 1977 ല്‍ റോയല്‍ സൊസൈറ്റി അംഗത്വം എന്നിവ ഇദ്ദേഹത്തെ തേടിയെത്തി. അവസാന കാലത്ത്‌ സ്‌ട്രോക്കും പാര്‍ക്കിന്‍സണ്‍സ്‌ രോഗവും ഈ ശാസ്‌ത്രാന്വേഷിയെ തളര്‍ത്തി. 2001 ഏപ്രില്‍ മാസം 7-ാം തീയതി ശാസ്‌ത്രലോകത്തിന്‌ ശ്രദ്ധേയമായ സംഭവനകള്‍ നല്‌കിയ ഈ ബഹുമുഖ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു. ഇദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പിന്‍തലമുറയ്‌ക്ക്‌ മാര്‍ഗദീപവും ആവേശവുമായി നില്‌ക്കുക തന്നെചെയ്യും

മേഘനാഥ്‌ സാഹ - ( ഒക്‌ടോ 6,1893- ഫെബ്രുവരി 16,1956)

അസ്‌ട്രോഫിസിക്‌സ്‌ രംഗത്ത്‌ ലോകത്തിന്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു മേഘനാഥ്‌ സാഹ. ഇന്നത്തെ ബംഗ്ലാദേശ്‌ തലസ്ഥാന നഗരിയായ ധാക്കയ്‌ക്ക്‌ 45 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ശിവതാരാളി എന്ന ഗ്രാമത്തില്‍ 1893 ഒക്ടോബര്‍ 6 നാണ്‌ മേഘനാഥ്‌ സാഹയുടെ ജനനം. പലചരക്ക്‌ വ്യാപാരിയായിരുന്ന ജഗന്നാഥ്‌ സാഹയുടെയും ഭുവനേശ്വരിദേവിയുടെ അഞ്ചാമത്തെ മകനായിരുന്ന സാഹയുടെ ബാല്യകാലം താരതമ്യേന ദുര്‍ബലമായ സാമ്പത്തികാവസ്ഥയിലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം വീട്ടില്‍ നിന്നും എഴുമൈല്‍ അകലെയുള്ള മിഡില്‍ സ്‌കൂളില്‍ പ്രവേശനം തേടി. സ്‌കൂളിന്‌ സമീപത്തുള്ള ഒരു ഡോക്‌ടറുടെ കൂടെ താമസിച്ച്‌ അദ്ദേഹത്തിന്റെ സഹായിയായി നിന്ന്‌ ലഭിക്കുന്ന തുച്ഛമായ പ്രതിഫലം കൊണ്ടാണ്‌ പഠനം, ഭക്ഷണം എന്നിവ മുന്നോട്ട്‌ കൊണ്ടുപോയത്‌. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്‌ ധാക്കാ മിഡില്‍ സ്‌കൂള്‍ പരീക്ഷയില്‍ ഒന്നാമനായി, അങ്ങനെ നേടിയ സ്‌കോളര്‍ഷിപ്പിന്റെ സാമ്പത്തികബലത്തിലാണ്‌ ധാക്കാ കോളിജിയറ്റ്‌ സ്‌കൂളില്‍ ചേരുന്നത്‌. 1905 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ബംഗാള്‍ വിഭജനത്തിനെതിരെ ജനവികാരം ശക്തമായിരുന്ന അക്കാലത്ത്‌ സഹപാഠികള്‍ക്കൊപ്പം ഗവര്‍ണറിനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന്‌ സ്‌കോളര്‍ഷിപ്പും സ്‌കൂള്‍ പഠനവും തടസപ്പെട്ടു. പിന്നീട്‌ കിഷോരിലാല്‍ ജൂബിലി സ്‌കൂളില്‍ ചേര്‍ന്ന്‌ പഠിച്ചു.

ഗണിതശാസ്‌ത്രവും ചരിത്രവും സാഹയുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു. കോളജു വിദ്യാഭ്യാസം പ്രശസ്‌തമായ കല്‍ക്കത്താ പ്രസിഡന്‍സി കോളേജിലായിരുന്നു. അക്കാലത്ത്‌ അതിപ്രശസ്‌തരുടെ ഒരു നിരതന്നെ പ്രസിഡന്‍സിയെ സമ്പന്നമാക്കിയിരുന്നു. രസതന്ത്ര വിഭാഗത്തില്‍ പ്രഫുല്ലചന്ദ്രറായ്‌ ഭൗതികശാസ്‌ത്രത്തില്‍ ജഗദീശ്‌ ചന്ദ്രബോസ്‌ എന്നിവര്‍ അധ്യാപകരായും പില്‌കാലത്ത്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍മാരായി തീര്‍ന്ന സത്യേന്ദ്രനാഥ്‌ബോസ്‌, പി.സി.മഹലാനോബിസ്‌ എന്നിവര്‍ സഹപാഠികളായും ബോസിനുണ്ടായിരുന്നു. ഗണിതശാസ്‌ത്രം മുഖ്യവിഷയമാക്കി 1913 ല്‍ പ്രസിഡന്‍സിയില്‍ നിന്നും രണ്ടാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ഒന്നാംറാങ്ക്‌ സത്യേന്ദ്രനാഥ്‌ബോസിനായിരുന്നു. തുടര്‍ന്ന്‌ പ്രയുക്ത ഗണിതശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിതന്നെ കരസ്ഥമാക്കി.


പുതുതായി സ്ഥാപിച്ച കൊല്‍ക്കത്ത സയന്‍സ്‌ കോളേജില്‍ അധ്യാപകനായി ചേര്‍ന്ന്‌ ഔദ്യോഗികജീവിതം ആരംഭിച്ചു. അധ്യാപനവൃത്തിക്കൊപ്പം തന്നെ ഗവേഷണത്തിലും ഏര്‍പ്പെട്ടു. 1918 ല്‍ രാധികാറാണിയെ വിവാഹം കഴിച്ചു. 1919 ല്‍ ഡോക്‌ടറേറ്റ്‌ നേടുകയും ചെയ്‌തു. സതീര്‍ത്ഥനായ സത്യേന്ദ്രനാഥ്‌ബോസും അധ്യാപകനായി അവിടെയുണ്ടായിരുന്നത്‌ സാഹയ്‌ക്ക്‌ ഏറെ അനുഗ്രഹമായിരുന്നു. സാഹയും സത്യേന്ദ്രനാഥും ചേര്‍ന്ന്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ഇംഗ്ലീഷിലേക്ക്‌ തര്‍ജമ ചെയ്‌തിരുന്നു. ഇതിന്റെ ഒരു പകര്‍പ്പ്‌ പ്രിന്‍സ്റ്റണിലുള്ള ഐന്‍സ്റ്റൈന്‍ ആര്‍ക്കീവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്‌. 1919 ല്‍ രണ്ടുവര്‍ഷം നീളുന്ന യൂറോപ്പ്‌ പര്യടനത്തിന്‌ പുറപ്പെട്ടു. ലണ്ടനിലേയും ബെര്‍ലിനിലേയും ശാസ്‌ത്രസമൂഹത്തെയും പരീക്ഷണശാലയേയും ഗവേഷണ സൗകര്യത്തിന്‌ പ്രയോജനപ്പെടുത്തി. 1922 ല്‍ കല്‍ക്കത്താ സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്ര വിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ തിരികെയെത്തി. 1923 ല്‍ അലഹബാദ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്ര വിഭാഗം വകുപ്പുമേധാവിയായുള്ള ജോലി സ്വീകരിച്ചു. 1930 വരെ സാഹ അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു.


അസ്‌ട്രോഫിസിക്‌സ്‌ (ഖഗോള ഊര്‍ജതന്ത്രം), സൂര്യന്റെ പുറമെയുള്ള അന്തരീക്ഷത്തിന്റെ ഭൗതിക സിദ്ധാന്തമായിരുന്നു ഇഷ്‌ടവിഷയം. 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ശാസ്‌ത്രലോകത്തിന്‌ സാഹയുടെ സംഭവനയായി എക്കാലവും സ്‌മരിക്കപ്പെടും. ഒരു പദാര്‍ത്ഥം വളരെ ഉയര്‍ന്ന താപനിലയിലേക്കെത്തുമ്പോള്‍, ഇതിന്റെ ഇലക്‌ട്രോണുകള്‍ക്ക്‌ ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. ഇങ്ങനെയുള്ള പ്രവര്‍ത്തനത്തിനെയാണ്‌ താപഅയണീകരണം എന്നറിയപ്പെടുന്നത്‌. സൂര്യനുള്‍പ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന്‌ ഇത്‌ പുതിയ ദിശാബോധം നല്‍കി. സാഹ സമവാക്യം ഉപയോഗിച്ച്‌ നക്ഷത്രങ്ങളുടെ വര്‍ണരാജി അപഗ്രഥിച്ചാല്‍ അതിന്‌റെ താപനില അറിയാല്‍ സാധിക്കുമെന്നത്‌ അസ്‌ട്രോഫിസിക്‌സിന്റെ വളര്‍ച്ചയുടെ നാഴികകല്ലായി.1938 ല്‍ കല്‍ക്കത്താ സര്‍വകലാശാലയിലേക്ക്‌ തിരിച്ചെത്തി. 1940 ല്‍ സാഹയുടെ ശ്രമഫലമായി ന്യൂക്ലിയര്‍ ഭൗതികം ബിരുദാനന്തരതലത്തില്‍ പഠന വിഷയമാക്കി.


1938 ല്‍ പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത ദേശീയ പ്ലാനിംഗ്‌ കമ്മിറ്റിയിലെ സജീവാംഗമായിരുന്നു. സാമൂഹിക വിപ്ലവത്തിനായി വ്യവസായിക വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം വാദിച്ചു. അലഹബാദ്‌ സര്‍വ്വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം, കല്‍ക്കട്ടയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌, നാഷണല്‍ അക്കാഡമി ഓഫ്‌ സയന്‍സ്‌, ഇന്‍ഡ്യന്‍ ഫിസിക്കല്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ്‌ കള്‍ട്ടിവേഷന്‍ ഓഫ്‌ സയന്‍സ്‌, സാഹ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും മികച്ച സംഭാവനകള്‍ നല്‌കി. സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മരിക്കുന്നതുവരെ ഇതിന്റെ എഡിറ്റര്‍ ആയിരുന്നു. ഇന്ത്യയിലെ നദീജല പ്ലാനിംഗിന്റെ മുഖ്യശില്‌പിയായിരുന്നു. ദാമോദര്‍വാലി പ്രോജക്‌ട്‌ തയ്യാറാക്കിയതും സാഹയുടെ നേതൃത്വത്തിലായിരുന്നു.


1934 ലെ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ഒരു ശാസ്‌ത്രാന്വേഷിയായിരുന്നു ഇദ്ദേഹം. മറ്റുള്ള ശാസ്‌ത്രജ്ഞന്മാരില്‍ നിന്നും ഭിന്നമായി സജീവ രാഷ്‌ട്രീയത്തിലും ഇദ്ദേഹം ഇടപെട്ടിരുന്നു. 1952 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത്‌ ആണവോര്‍ജ കമ്മീഷന്‍ രൂപീകരിക്കണം എന്ന ശ്രീ.ഹോമി.ജെ.ഭാഭയുടെ നിര്‍ദ്ദേശം പണ്‌ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു സാഹയുടെ അഭിപ്രായത്തിന്‌ വിട്ടിരുന്നു. ആണവോര്‍ജ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സര്‍വകലാശാലകളിലും മറ്റും ഒരുക്കിയ ശേഷമേ നമ്മുടെ രാജ്യത്ത്‌ ഇത്തരത്തില്‍ ആണവോര്‍ജ കമ്മീഷന്‍ രൂപീകരിക്കാവൂ എന്ന്‌ മേഘനാഥ്‌ സാഹ നെഹ്‌റുവിന്‌ മറുപടി നല്‍കി.


ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചര്‍ച്ച തുടങ്ങി വച്ചതും 1954 ല്‍ മേഘനാഥ്‌ സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കല്‍ സൊസൈറ്റി ഓഫ്‌ ഫ്രാന്‍സിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി.1956 ഫെബ്രുവരി 16-ാം തീയതി ന്യൂദല്‍ഹിയില്‍ വച്ച്‌ പ്ലാനിംഗ്‌ കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. അസ്‌ട്രോഫിസിക്‌സില്‍ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ്‌ സാഹയുടേത്‌.


സാഹയുടെ പ്രശസ്‌തമായ നിരീക്ഷണം
"സ്വയംസൃഷ്‌ടിച്ച ദന്തഗോപുരങ്ങളിലിരുന്ന്‌ ലോകത്തിലെ മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ക്കെതിരെയുള്ള ആരോപണം. ചെറുപ്പകാലത്ത്‌ രാഷ്‌ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കിലും 1930 വരെ ഞാനും ഒരു ദന്തഗോപുരത്തിനുള്ളിലായിരുന്നു. പക്ഷെ ഇന്നത്തെ ഭരണരംഗത്ത്‌ നിയമവാഴ്‌ചപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌ ശാസ്‌ത്രസാങ്കേതിക രംഗവും. ഞാന്‍ രാഷ്‌ട്രീയ രംഗത്തേക്ക്‌ ക്രമേണ എത്തിയത്‌ എന്നാലാകും വിധം ഈ നാടിന്റെ പുരോഗതിക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉള്ളില്‍ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്‌." -മേഘനാഥ്‌ സാഹ