
ഗണിതശാസ്‌ത്രവും ചരിത്രവും സാഹയുടെ ഇഷ്‌ടവിഷയങ്ങളായിരുന്നു. കോളജു വിദ്യാഭ്യാസം പ്രശസ്‌തമായ കല്‍ക്കത്താ പ്രസിഡന്‍സി കോളേജിലായിരുന്നു. അക്കാലത്ത് അതിപ്രശസ്‌തരുടെ ഒരു നിരതന്നെ പ്രസിഡന്‍സിയെ സമ്പന്നമാക്കിയിരുന്നു. രസതന്ത്ര വിഭാഗത്തില്‍ പ്രഫുല്ലചന്ദ്രറായ് ഭൗതികശാസ്‌ത്രത്തില്‍ ജഗദീശ് ചന്ദ്രബോസ് എന്നിവര്‍ അധ്യാപകരായും പില്‌കാലത്ത് പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍മാരായി തീര്‍ന്ന സത്യേന്ദ്രനാഥ്‌ബോസ്, പി.സി.മഹലാനോബിസ് എന്നിവര്‍ സഹപാഠികളായും ബോസിനുണ്ടായിരുന്നു. ഗണിതശാസ്‌ത്രം മുഖ്യവിഷയമാക്കി 1913 ല്‍ പ്രസിഡന്‍സിയില്‍ നിന്നും രണ്ടാം റാങ്കോടെ ബിരുദം കരസ്ഥമാക്കി. ഒന്നാംറാങ്ക് സത്യേന്ദ്രനാഥ്‌ബോസിനായിരുന്നു. തുടര്‍ന്ന് പ്രയുക്ത ഗണിതശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും റാങ്കോടു കൂടിതന്നെ കരസ്ഥമാക്കി.
പുതുതായി സ്ഥാപിച്ച കൊല്‍ക്കത്ത സയന്‍സ് കോളേജില്‍ അധ്യാപകനായി ചേര്‍ന്ന് ഔദ്യോഗികജീവിതം ആരംഭിച്ചു. അധ്യാപനവൃത്തിക്കൊപ്പം തന്നെ ഗവേഷണത്തിലും ഏര്‍പ്പെട്ടു. 1918 ല്‍ രാധികാറാണിയെ വിവാഹം കഴിച്ചു. 1919 ല്‍ ഡോക്‌ടറേറ്റ് നേടുകയും ചെയ്‌തു. സതീര്‍ത്ഥനായ സത്യേന്ദ്രനാഥ്‌ബോസും അധ്യാപകനായി അവിടെയുണ്ടായിരുന്നത് സാഹയ്‌ക്ക് ഏറെ അനുഗ്രഹമായിരുന്നു. സാഹയും സത്യേന്ദ്രനാഥും ചേര്‍ന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്‌തിരുന്നു. ഇതിന്റെ ഒരു പകര്‍പ്പ് പ്രിന്‍സ്റ്റണിലുള്ള ഐന്‍സ്റ്റൈന്‍ ആര്‍ക്കീവ്‌സില്‍ സൂക്ഷിച്ചിട്ടുണ്ട്. 1919 ല്‍ രണ്ടുവര്‍ഷം നീളുന്ന യൂറോപ്പ് പര്യടനത്തിന് പുറപ്പെട്ടു. ലണ്ടനിലേയും ബെര്‍ലിനിലേയും ശാസ്‌ത്രസമൂഹത്തെയും പരീക്ഷണശാലയേയും ഗവേഷണ സൗകര്യത്തിന് പ്രയോജനപ്പെടുത്തി. 1922 ല്‍ കല്‍ക്കത്താ സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്ര വിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ തിരികെയെത്തി. 1923 ല്‍ അലഹബാദ് സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്ര വിഭാഗം വകുപ്പുമേധാവിയായുള്ള ജോലി സ്വീകരിച്ചു. 1930 വരെ സാഹ അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ വിവിധ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു.
അസ്‌ട്രോഫിസിക്‌സ് (ഖഗോള ഊര്‍ജതന്ത്രം), സൂര്യന്റെ പുറമെയുള്ള അന്തരീക്ഷത്തിന്റെ ഭൗതിക സിദ്ധാന്തമായിരുന്നു ഇഷ്‌ടവിഷയം. 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടുത്തം ശാസ്‌ത്രലോകത്തിന് സാഹയുടെ സംഭവനയായി എക്കാലവും സ്‌മരിക്കപ്പെടും. ഒരു പദാര്‍ത്ഥം വളരെ ഉയര്‍ന്ന താപനിലയിലേക്കെത്തുമ്പോള്‍, ഇതിന്റെ ഇലക്‌ട്രോണുകള്‍ക്ക് ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊര്‍ജ്ജം ലഭിക്കും. ഇങ്ങനെയുള്ള പ്രവര്‍ത്തനത്തിനെയാണ് താപഅയണീകരണം എന്നറിയപ്പെടുന്നത്. സൂര്യനുള്‍പ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഇത് പുതിയ ദിശാബോധം നല്‍കി. സാഹ സമവാക്യം ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വര്‍ണരാജി അപഗ്രഥിച്ചാല്‍ അതിന്‌റെ താപനില അറിയാല്‍ സാധിക്കുമെന്നത് അസ്‌ട്രോഫിസിക്‌സിന്റെ വളര്‍ച്ചയുടെ നാഴികകല്ലായി.1938 ല്‍ കല്‍ക്കത്താ സര്‍വകലാശാലയിലേക്ക് തിരിച്ചെത്തി. 1940 ല്‍ സാഹയുടെ ശ്രമഫലമായി ന്യൂക്ലിയര്‍ ഭൗതികം ബിരുദാനന്തരതലത്തില്‍ പഠന വിഷയമാക്കി.
1938 ല്‍ പണ്‌ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത ദേശീയ പ്ലാനിംഗ് കമ്മിറ്റിയിലെ സജീവാംഗമായിരുന്നു. സാമൂഹിക വിപ്ലവത്തിനായി വ്യവസായിക വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വാദിച്ചു. അലഹബാദ് സര്‍വ്വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം, കല്‍ക്കട്ടയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്, നാഷണല്‍ അക്കാഡമി ഓഫ് സയന്‍സ്, ഇന്‍ഡ്യന്‍ ഫിസിക്കല്‍ സൊസൈറ്റി, ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ് കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്, സാഹ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ് എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും മികച്ച സംഭാവനകള്‍ നല്‌കി. സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. മരിക്കുന്നതുവരെ ഇതിന്റെ എഡിറ്റര്‍ ആയിരുന്നു. ഇന്ത്യയിലെ നദീജല പ്ലാനിംഗിന്റെ മുഖ്യശില്‌പിയായിരുന്നു. ദാമോദര്‍വാലി പ്രോജക്‌ട് തയ്യാറാക്കിയതും സാഹയുടെ നേതൃത്വത്തിലായിരുന്നു.
1934 ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ഒരു ശാസ്‌ത്രാന്വേഷിയായിരുന്നു ഇദ്ദേഹം. മറ്റുള്ള ശാസ്‌ത്രജ്ഞന്മാരില്‍ നിന്നും ഭിന്നമായി സജീവ രാഷ്‌ട്രീയത്തിലും ഇദ്ദേഹം ഇടപെട്ടിരുന്നു. 1952 ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ആണവോര്‍ജ കമ്മീഷന്‍ രൂപീകരിക്കണം എന്ന ശ്രീ.ഹോമി.ജെ.ഭാഭയുടെ നിര്‍ദ്ദേശം പണ്‌ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സാഹയുടെ അഭിപ്രായത്തിന് വിട്ടിരുന്നു. ആണവോര്‍ജ സാധ്യതകള്‍ ചൂഷണം ചെയ്യുന്നതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ സര്‍വകലാശാലകളിലും മറ്റും ഒരുക്കിയ ശേഷമേ നമ്മുടെ രാജ്യത്ത് ഇത്തരത്തില്‍ ആണവോര്‍ജ കമ്മീഷന്‍ രൂപീകരിക്കാവൂ എന്ന് മേഘനാഥ് സാഹ നെഹ്‌റുവിന് മറുപടി നല്‍കി.
ഭാരതത്തിന്റെ പാര്‍ലമെന്റില്‍ ന്യൂക്ലിയര്‍ ഊര്‍ജ്ജത്തിന്റെ ഉപയോഗം സംബന്ധിച്ച ആദ്യ ചര്‍ച്ച തുടങ്ങി വച്ചതും 1954 ല്‍ മേഘനാഥ് സാഹയായിരുന്നു.ഇതിനിടെ അസ്‌ട്രോണൊമിക്കല്‍ സൊസൈറ്റി ഓഫ് ഫ്രാന്‍സിന്റെ വിശിഷ്‌ട ആയുഷ്‌കാല അംഗത്വവും ഇദ്ദേഹത്തെ തേടിയെത്തി.1956 ഫെബ്രുവരി 16-ാം തീയതി ന്യൂദല്‍ഹിയില്‍ വച്ച് പ്ലാനിംഗ് കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഹൃദയാഘാതംമൂലം അന്തരിച്ചു. അസ്‌ട്രോഫിസിക്‌സില്‍ മൗലിക ചിന്തയ്‌ക്കും ഗവേണത്തിനും അടിത്തറയിട്ട ജീവിതകാലമായിരുന്നു മേഘനാഥ് സാഹയുടേത്.
സാഹയുടെ പ്രശസ്‌തമായ നിരീക്ഷണം
"സ്വയംസൃഷ്‌ടിച്ച ദന്തഗോപുരങ്ങളിലിരുന്ന് ലോകത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ് ശാസ്‌ത്രജ്ഞന്മാര്‍ക്കെതിരെയുള്ള ആരോപണം. ചെറുപ്പകാലത്ത് രാഷ്‌ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കിലും 1930 വരെ ഞാനും ഒരു ദന്തഗോപുരത്തിനുള്ളിലായിരുന്നു. പക്ഷെ ഇന്നത്തെ ഭരണരംഗത്ത് നിയമവാഴ്‌ചപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശാസ്‌ത്രസാങ്കേതിക രംഗവും. ഞാന്‍ രാഷ്‌ട്രീയ രംഗത്തേക്ക് ക്രമേണ എത്തിയത് എന്നാലാകും വിധം ഈ നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉള്ളില്‍ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്." -മേഘനാഥ് സാഹ
7 comments:
നമ്മുടെ രാജ്യത്തെ ശാസ്‌ത്രജ്ഞരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു പരമ്പരയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തിന് ശാസ്‌ത്ര-സാങ്കതികരംഗത്ത് നിസ്‌തുല സംഭാവനകള്‍ നല്‍കിയ ഭാരതീയരുടെ വ്യക്തിരേഖ,അവരുടെ സംഭാവനകള്‍,ലഭിച്ച ബഹുമതികള്‍ അംഗീകാരങ്ങള്‍ ഒപ്പം ഇവരെ കുറിച്ച് മറ്റ് പ്രമുഖവ്യക്തികള്‍ പറഞ്ഞ വിവരങ്ങള്‍ എന്നിവയാണ് ഉള്‍പെടുത്താനുദ്ദേശിക്കുന്നത്. ലിസ്റ്റ് സൗകര്യത്തിനായി ജനനതീയതി അടിസ്ഥാനമാക്കിയാണ്. ഒക്‌ടോബര്‍ മാസം ആരംഭിച്ച് സെപ്‌തംബറില്‍ അവസാനിക്കുന്ന രീതി.
A commendable endeavour. The links etc provided are very useful to a serious student. I wish these articles would encourage young minds to achieve greater heights in their life.
~Dr A.G.Anil Kumar
ശാസ്ത്രപഠനത്തിന്റെ തുടക്കം ജീവചരിത്രപരിചയങ്ങളിലൂടെയാവുന്നതാണ് നല്ലതെന്നു തോന്നിപ്പിച്ച രസനീയമായ ഒരു ലാഘവം തോന്നി. ജി.എന്‍. രാമചന്ദ്രനെപ്പറ്റി വായിച്ചപ്പോള്‍ ഞാന്‍ എട്ടു കാത്തിരിയ്ക്കുന്ന ഒരു ഏഴാംക്ലാസ്സുകാരനെപ്പോലെ കൌതുകം കൈവിടാതെ മുറുകെപ്പിടിച്ചു.
ഞാനൊന്നു തീരുമാനിച്ചിട്ടുണ്ട്. ഈ ബ്ലോഗ് ഞന്‍ വിടാതെ വായിയ്ക്കും.
സാഹയുടെ ജനനത്തിയ്യതിയില്‍ ഒരു തെറ്റു ആദ്യ ഖണ്ഡികയില്‍ കണ്ടു. ടൈപ് തീര്‍ച്ഛയായും വലുതാക്കുകതന്നെ വേണം.
ആശംസകള്‍ !
കൊള്ളാം ആദര്‍ശേ നല്ല സംരംഭം.
ഈ മഹത്തായ സംരംഭത്തിനെല്ലാവിധ ആശംസകളും... ഈ വിവരങ്ങള്‍ പോസ്റ്റിലിടുന്നതിനു പുറമെ വിക്കിയില്‍ കൂടി ചേര്‍ത്തൂടെ...
here i saw hard work...congrats
Post a Comment