സി.വി രാമന് നോബല്‍ സമ്മാനം ലഭിച്ച 'രാമന്‍ ഇഫക്‌ട്' എന്ന കണ്ടുപിടുത്തത്തിന്റെ മുഖ്യസഹായിയും 1928 മാര്‍ച്ച് ലക്കം 'നേച്ചറില്‍' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ എന്ന കെ എസ് കൃഷ്‌ണന്‍. ഭാരതത്തിലെ ശാസ്‌ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ കെ എസ് കൃഷ്‌ണന്‍ ശാസ്‌ത്രത്തിന് പുറമേ ശാസ്‌ത്രസാഹിത്യത്തിലും സ്‌പോര്‍ട്‌സിലും രാഷ്‌ട്രീയത്തിലും ഒക്കെ താത്‌പര്യമുള്ള ബഹുമുഖ പ്രതിഭാശാലിയായിരുന്നു. അറ്റോമിക് എനര്‍ജി കമ്മീഷന്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച് (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സഹകരിച്ചിരുന്നു. മികച്ച അധ്യാപകന്‍, ഗവേഷണാചാര്യന്‍, ശാസ്‌ത്രജ്ഞന്‍ എന്നീ നിലകളില്‍ മാതൃകയാക്കാവുന്ന പ്രതിഭാശാലിയായിരുന്നു കെ എസ് കൃഷ്‌ണന്‍.
തമിഴ്‌നാട്ടിലെ രാംനാട് ജില്ലയിലെ വാര്‍ട്രാപ്പില്‍ 1898 ഡിസംബര്‍ നാലിന് ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായി ജനിച്ചു. സ്വന്തം ഗ്രാമത്തില്‍ തന്നെയുള്ള സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം ശ്രീവില്ലി പുത്തൂരിലെ ഹിന്ദു സ്‌ക്കൂളില്‍ ചേര്‍ന്നു. മധുരയിലെ അമേരിക്കന്‍ കോളജിലും ചെന്നൈ ക്രിസ്‌ത്യന്‍ കോളജിലുമായി കോളജ് വിദ്യാഭ്യാസം നടത്തി. രസതന്ത്രമായിരുന്നു ബിരുദപഠനത്തിന് തിരഞ്ഞെടുത്തത്. കൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നത് തന്നെ ഒന്‍പതാം ക്ലാസില്‍ പഠിപ്പിച്ച ഒരു അധ്യാപകന്റെ പ്രേരണയും ക്ലാസുമാണ് ശാസ്‌ത്രത്തില്‍ താത്‌പര്യം ജനിപ്പിച്ചതെന്നാണ്. രസതന്ത്ര വിഭാഗത്തില്‍ ഡെമണ്‍സ്‌ട്രേറ്റര്‍ ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഈ സമയത്തു തന്നെ ഒഴിവു സമയങ്ങളില്‍ ഭൗതികശാസ്‌ത്രം, രസതന്ത്രം, ഗണിതശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിരുന്നു. ഈ പ്രഭാഷണം കേള്‍ക്കാന്‍ മറ്റ് കോളജുകളില്‍ നിന്നുവരെ സഹൃദയര്‍ എത്തിയിരുന്നു.
1920 ല്‍ കല്‍ക്കത്തയിലെത്തി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ ചേര്‍ന്നു. ഇവിടെ വച്ച് സി വി രാമനെന്ന അതുല്യ പ്രതിഭാശാലിയുടെ കീഴില്‍ ഭൗതികശാസ്‌ത്രത്തില്‍ ഗവേഷണം ആരംഭിച്ചു. കല്‍ക്കട്ട സര്‍വകലാശാലയില്‍ വച്ച് ഭൗതികശാസ്‌ത്രത്തിലെ പല വിഷയങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവ് നേടിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്. സി വി രാമനോടൊത്തുള്ള അഞ്ചു വര്‍ഷക്കാലം തന്റെ ശാസ്‌ത്ര ജീവിതത്തിലെ ഉത്സവകാലം എന്നാണ് കെ എസ് കൃഷ്‌ണന്‍ തന്നെ എടുത്തു പറയുന്നത്.
ശാസ്‌ത്ര ഗവേഷണത്തിലുപരിയായി സാഹിത്യം, മതം, തത്ത്വശാസ്‌ത്രം എന്നീ വിഷയങ്ങളിലും ഇദ്ദേഹം താത്‌പര്യം കാട്ടിയിരുന്നു. സ്‌പോര്‍ട്‌സില്‍ പ്രത്യേകിച്ച് ഫുട്‌ബോളില്‍ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. ഈഡന്‍ ഗാര്‍ഡനിലെ ഫുട്‌ബാള്‍ മത്സരങ്ങള്‍ പതിവായി കണ്ടിരുന്നു. എന്നാല്‍ ശാസ്‌ത്രേതര വിഷയങ്ങളിലെ ശ്രദ്ധ മുഖ്യമേഖലയായ ഗവേഷണത്തെ ഒട്ടും ബാധിച്ചിരുന്നില്ല. പിന്നീട് ആന്ധ്രാ സര്‍വകലാശാലയിലെ പ്രൊഫസര്‍ പദവിയിലേക്ക് കൃഷ്‌ണനെ നാമനിര്‍ദ്ദേശം ചെയ്‌തപ്പോഴും രാമന്‍ ഇഫക്‌ടിലെ കൃഷ്‌ണന്റെ സംഭാവന സി വി രാമന്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
1928 ല്‍ ധാക്കാ സര്‍വകലാശാല ഭൗതിക ശാസ്‌ത്ര വകുപ്പില്‍ റീഡര്‍ തസ്‌തികയില്‍ ജോലിക്ക് ചേര്‍ന്ന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കി. അവിടെ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസ് ആയിരുന്നു വകുപ്പ് മേധാവിയെന്നതും കെ എസ് കൃഷ്‌ണന്റെ ശാസ്‌ത്ര മുന്നേറ്റങ്ങള്‍ക്ക് സഹായകമായി. ക്രിസ്റ്റല്‍ മാഗ്നറ്റിസത്തിലും മാഗ്നറ്റോ കെമിസ്‌ട്രിയിലും ആ സമയത്ത് ഗവേഷണങ്ങള്‍ നടത്തി. 1933 ല്‍ കല്‍ക്കത്തയില്‍ തിരിച്ചെത്തി ഐ എ സി എസില്‍ പ്രൊഫസറായി ചേര്‍ന്നു. കാന്തിക സ്വഭാവത്തെക്കുറിച്ചുള്ള പഠനം ഇവിടെയും തുടര്‍ന്നു. 1937 ല്‍ കാവന്‍ഡിഷ് ലബോറട്ടറിയിലും, റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലണ്ടനിലും പ്രഭാഷണത്തിനായി ക്ഷണിച്ചു. 1942 ല്‍ അലഹബാദ് സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. 1948 ല്‍ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ ഡയറക്‌ടറായി. വളരെ സജീവമായ ശാസ്‌ത്രസാങ്കേതിക ജീവിതത്തിനുടമയായിരുന്നു കെ എസ് കൃഷ്‌ണന്‍. 1961 ജൂണ്‍ 13-ാം തീയതി അന്തരിച്ചു.
അംഗീകാരങ്ങള്‍:
റോയല്‍ സൊസൈറ്റി അംഗത്വം1940,സര്‍ ബഹുമതി(1946),പത്മഭൂഷണ്‍(1954),ദേശീയ പ്രൊഫസര്‍ സ്ഥാനം(1960),ശാന്തി സ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരം(1961),ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സിന്റെ ഉപാധ്യക്ഷന്‍,നാഷണല്‍ അക്കാദമി ോഫ് സയന്‍സ് അധ്യക്ഷന്‍,ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം