കര്‍ണ്ണാടക സംസ്ഥാനത്തെ തുംകൂറില്‍ 1925 ജനുവരി 28ന് ജനിച്ചു. ജില്ലാ മജിസ്‌ട്രേറ്റായിരുന്നു. പിതാവ് ബി.രാമണ്ണ. അമ്മയുടെ പേര് രുക്‌മിണിയമ്മ. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയത് മൈസൂരിലായിരുന്നു. പിന്നീട് ബാഗ്ലൂരിലേക്ക് താമസം മാറി. സെന്റ് ജോസഫ്‌സ് കോളേജ് ബാംഗ്ലൂര്‍, മദ്രാസിലെ താംബരത്തുള്ള ക്രിസ്‌ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളജ് വിദ്യാഭ്യാസം നേടിയശേഷം ഗവേഷണബിരുദത്തിനായി ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ ചേര്‍ന്നു. ലണ്ടനില്‍ വച്ച് ഹോമി ജെ ഭാഭയെ കാണാനും അതുവഴി ജെ.എന്‍.ടാറ്റാ സ്‌കോളര്‍ഷിപ്പ് ലഭിക്കാനായതും രാജാരാമണ്ണയുടെ ജീവിതത്തിലെ വഴിത്തിരിവായി. ന്യൂക്ലിയര്‍ ഭൗതികത്തിലായിരുന്നു. ഇദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചത്.
1947 ല്‍ ഭാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (TIFR) ഗവേഷണത്തിനായി ചേര്‍ന്നു. ഇവിടെ ഹോമി ജെ ഭാഭയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ഗവേഷണ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ രാജാരാമണ്ണക്ക് കൂടുതല്‍ ഉത്സാഹം പകര്‍ന്നു. ട്രോംബെയിലുള്ള ബാര്‍ക്കിന്റെ ഡയറക്‌ടറായി 1972 ല്‍ സ്ഥാനമേറ്റു.. ഇക്കാലയളവിലാണ് ഭാരതം ആദ്യ ആണവ പരീക്ഷം നടത്തുന്നത് (1974 മേയ് 18ന്). ബുദ്ധന്റെ ചിരി എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ പരീക്ഷണം വിജയമായത് ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കുന്നു. 1978 ല്‍ പ്രതിരോധ ഗവേഷണവികസന കേന്ദ്രത്തിന്റെ (DRDO) മേധാവിയായി. 1981 ല്‍ ബാര്‍ക്കിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹം 1983 വരെ അവിടെ ഡയറക്‌ടറായി തുടര്‍ന്നു. ഇതിനു ശേഷം അണുശക്തി കമ്മീഷന്റെ ചെയര്‍മാനായി .
ദേശീയ അന്തര്‍ദേശീയ ജേണലുകളിലും പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശാസ്‌ത്രസാങ്കേതിക മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ ചിന്തകളും എഴുത്തും. നല്ലോരു പിയാനോ വായനക്കാരന്‍ കൂടിയായിരുന്ന രാജാരാമണ്ണ എഴുതിയ The structure of Music in Raga and Western Systems സംഗീത്തിലുള്ള അഗാധ താത്‌പര്യം വ്യക്തമാക്കുന്നു.
തീര്‍ത്ഥാടന വര്‍ഷങ്ങള്‍ (Years of Pilgrimage) എന്ന ആത്മകഥയും (1991)പ്രസീദ്ധീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ റോയല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് സംഗീതത്തില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു.ഒട്ടേറെ സമിതികളില്‍, സംഘടനകളില്‍ അംഗമായും മുഖ്യസംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി അധ്യക്ഷന്‍, ബാംഗ്ലൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഭരണസമിതി ചെയര്‍മാന്‍, ബോംബെ ഐ.ഐ.ടി ബോര്‍ഡ് ഓഫ് ഡയറക്‌ടര്‍, പ്രതിരോധ മന്ത്രിയുടെ ശാസ്‌ത്ര ഉപദേഷ്‌ടാവ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി പ്രസിഡന്റ് (1977-78) എന്നിവ അവയില്‍ ചിലതുമാത്രം.
1990 ല്‍ വി.വി.സിംഗ് സര്‍ക്കാരില്‍ പ്രതിരോധ വകുപ്പ് സഹമന്ത്രിയായി. 1997 ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗവുമായ ഇദ്ദേഹം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവതാത്‌പര്യം കാട്ടിയിരുന്നു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്‍ തന്റെ രാജ്യത്തെ സാങ്കേതിക വിദ്യയുടെ വികാസത്തിന് നേതൃത്വം നല്‍കാന്‍ (1978 ല്‍) രാജാ രാമണ്ണയോട് അഭ്യര്‍ത്ഥിച്ചിരുന്നു, പിന്നീടിദ്ദേഹം ഇത് നിരസിച്ചു. 2004 സെപ്‌തംബര്‍ 24 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അവസാന നാളുകള്‍ വരെ നിരവധി കര്‍മമണ്ഡലങ്ങളില്‍ ചുറുചുറുക്കോടെ വ്യാപൃതനായിരുന്ന പ്രതിഭാശാലിയായ ശാസ്‌ത്രജ്ഞനായിരുന്നു ഡോ. രാജാ രാമണ്ണ.
അംഗീകാരങ്ങള്‍ : ശാന്തിസ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരം (1963), നെഹ്‌റു അവാര്‍ഡ് (1983), മേഘനാഥ് സാഹാ സ്വര്‍ണ മെഡല്‍ (1984), വിശ്വഭാരതിയില്‍ നിന്നും ബഹുമതി ഡോക്‌ടറേറ്റ് (1993), അശുതോഷ് മുഖര്‍ജി സ്വര്‍ണ മെഡല്‍ (1996),പദ്‌മശ്രീ,പദ്‌മഭൂഷണ്‍,പദ്‌മ വിഭൂഷണ്‍.
പ്രശസ്‌തമായ വാചകം : 'ഭാരതത്തിലെ ശ്രദ്ധേയ ശാസ്‌ത്രജ്ഞന്മാരുടെ ഗാലക്‌സിയിലെ തിളങ്ങുന്ന നക്ഷത്രം തന്നെയാണ് ഡോ. രാജാ രാമണ്ണ. ഭാരതത്തിന്റെ വിഖ്യാത പുത്രനും' - ഡോ. മന്‍മോഹന്‍ സിംഗ്